ശരീരത്തിന് അത്യാവശ്യം വേണ്ട പോഷകങ്ങളിൽ ഒന്നാണ് പ്രോട്ടീൻ. ഗർഭിണികൾ, കുട്ടികൾ തുടങ്ങിയവരുടെ ആരോഗ്യത്തിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകമാണിത്. ഇറച്ചി, കടൽമീൻ, മുട്ട, പാലുത്പന്നങ്ങൾ, പയർവർഗങ്ങൾ തുടങ്ങിയവയിലെല്ലാം പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ആവശ്യത്തിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കാത്തവർക്ക് എപ്പോഴും വിശപ്പുണ്ടായിരിക്കും. പ്രോട്ടീൻ ദഹിക്കാൻ സമയമെടുക്കുന്നതിനാൽ പ്രോട്ടീൻ അടങ്ങിയ കഴിക്കുന്നവർക്ക് ദീർഘനേരത്തേക്ക് വിശപ്പുണ്ടാകില്ല. നന്നായി ഭക്ഷണം കഴിച്ചാലും ഏറെ കഴിയുന്നതിന് മുൻപ് വീണ്ടും വിശക്കുന്നവർ ഭക്ഷണത്തിലെ പ്രോട്ടീന്റെ തോത് ശ്രദ്ധിക്കണം.
പ്രോട്ടീൻ ആവശ്യത്തിന് കഴിക്കാത്തവരിൽ അതിനോട് മാത്രമല്ല കാർബോഹൈഡ്രേറ്റ്സിനോടും ആർത്തിയുണ്ടാകാൻ സാധ്യതയുണ്ട്. ശരീരം പഞ്ചസാരയോടും മറ്റും ഇത്തരം അനാവശ്യമായ ആർത്തി കാണിക്കുന്നുണ്ടെങ്കിൽ ആവശ്യത്തിന് പ്രോട്ടീൻ ഉള്ളിൽ ചെല്ലുന്നില്ലെന്ന നിഗമനത്തിലെത്താമെന്നും വിദഗ്ധർ പറയുന്നു. പ്രോട്ടീൻ ഭക്ഷണം കഴിക്കാത്തവരിൽ എപ്പോഴും ക്ഷീണവും ഉണ്ടാകും.
ശരീരത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലാതാകുന്നത് ഡോപ്പമിൻ, സെറോടോണിൻ പോലുള്ള ഹോർമോണുകളുടെ തോതും കുറയ്ക്കാൻ സാധ്യതയുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യകരമായ പ്രവർത്തനത്തെ ബാധിക്കുകയും എപ്പോഴും മൂഡ് സ്വിങ്സ് ഉണ്ടാകാൻ കാരണമാകുകയും ചെയ്തേക്കാം.

