റോക്കട്രി ദി നമ്പി എഫ്ക്ട്; നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

മാധവൻ നായകനായെത്തുന്ന റോക്കട്രി ദി നമ്പി എഫ്ക്ട് എന്ന ബ്രഹ്മാണ്ട ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ജൂലൈ 1 ന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിൽ റിലീസ് ചെയ്യും. മാധവന്റെ ട്രൈ കളർ ഫിലീസും മലയാളിയായ ഡോക്ടർ വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചർസിന്റെയും ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നതും മാധവനാണ്.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതൽ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയിൽ ചിത്രീകരിച്ചിട്ടുള്ളത്. മാധവനാണ് ചിത്രത്തിൽ നമ്പി നാരായണനെ അവതരിപ്പിക്കുന്നത്. ഇതിനായി വലിയ തയ്യാറെടുപ്പുകളാണ് താരം നടത്തിയിരുന്നത്.

ചിത്രത്തിൽ നായികാ വേഷത്തിലെത്തുന്നത് സിമ്രാനാണ്. 15 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും സിനിമയിൽ ഒരുമിച്ചെത്തുന്നത്.