വൈദ്യുതി ബോർഡിലെ ക്രമക്കേടുകൾ; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ ക്രമക്കേടുകളെ കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹൈഡൽ ടൂറിസത്തിന്റെ മറവിൽ കെഎസ്ഇബിയുടെ ഏക്കറ് കണക്കിന് ഭൂമി സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റികൾക്ക് പാട്ടത്തിന് നൽകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇടുക്കിയിൽ നിന്നുള്ള മന്ത്രി എം.എം മണിയുടെ കാലത്താണ് ഇടപാടുകളെല്ലാം നടന്നത്. ഫുൾ ബോർഡോ റഗുലേറ്ററി കമ്മിഷനോ അറിയാതെയുള്ള നിയമനങ്ങൾ, സർക്കാരിന്റെ അനുമതിയില്ലാത്ത വേതന പരിഷ്‌കരണം തുടങ്ങി വൈദ്യതി ബോർഡ് വിളിക്കാൻ പോകുന്ന കരാറിന്റെ വിശദാംശങ്ങൾ എൻജിനീയർമാർ തന്നെ കരാറുകാർക്ക് ചോർത്തി കൊടുക്കുന്ന ഇടപാട് വരെയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

ഇക്കാര്യം പുറത്ത് കൊണ്ട് വന്നത് പ്രതിപക്ഷമോ മാദ്ധ്യമങ്ങളോ അല്ല. വൈദ്യുതി ബോർഡ് ചെയർമാൻ തന്നെയാണ് ഗുരുതരമായ ഈ വിഷയങ്ങൾ പരസ്യമായി പറഞ്ഞത്. കോടികളുടെ നഷ്ടമാണ് ബോർഡിനുണ്ടായതെന്നും വൈദ്യതി ചാർജ് വർദ്ധിപ്പിച്ച് , അത് സാധാരണക്കാരന്റെ തലയിൽ കെട്ടിവച്ചാണ് ഈ നഷ്ടം നികത്താൻ പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെഎസ്ഇബി ചെയർമാന്റെ ആരോപണങ്ങൾ വൈദ്യുതി മന്ത്രി നിഷേധിച്ചിട്ടില്ല. എന്നാൽ മുൻ മന്ത്രി എം.എം. മണി ഈ ആരോപണങ്ങളെ ഭയക്കുന്നു. ഇപ്പോഴത്തെ മന്ത്രി കെ.കൃഷ്ണൻ കുട്ടിയെ എം.എം മണി വിരട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.