ബാലുശ്ശേരി എംഎല്‍എക്ക് കൂട്ടായി തിരുവനന്തപുരം മേയര്‍; സച്ചിന്‍ ദേവും ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി എംഎല്‍എ കെ.എം സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. ഒരു മാസത്തിന് ശേഷമാവും വിവാഹം. തിയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ അറിയിച്ചു.

കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കോഴിക്കോട് ലോ കോളേജില്‍ നിന്നും നിയമ ബിരുദവും നേടിയ സച്ചിന്‍ ദേവ്, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച് വിജയിക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ദേവ്. നിലവില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്.

തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് 21 വയസുള്ള ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടുന്നത്. ബാല സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്യ. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയും, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് ഇപ്പോള്‍ വിവാഹിതരാകാന്‍ പോകുന്നത്. ബാലസംഘം, എസ്എഫ്‌ഐ പ്രവര്‍ത്തന കാലം മുതലേ ഇരുവരും സുഹൃത്തുക്കളായിരുന്നു.