ഹിന്ദി സംഗീത സംവിധായകന്‍ ബപ്പി ലാഹിരി അന്തരിച്ചു

മുംബൈ: പ്രശസ്ത ഹിന്ദി സംഗീത സംവിധായകന്‍ ബപ്പി ലാഹിരി അന്തരിച്ചു. 69 വയസായിരുന്നു. മുംബയിലെ ക്രിട്ടികെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം

1970-80 കാലഘട്ടങ്ങളിലെ ജനപ്രിയ ഗായകനാണ് ബപ്പി ലാഹിരി. ബോളിവുഡില്‍ നിരവധി ഹിറ്റ് ഗാനങ്ങളാണ് അദ്ദേഹം ചിട്ടപ്പെടുത്തിയത്. അവയില്‍ പലതും ആലപിക്കുകയും ചെയ്തു. ഇന്ത്യന്‍ സിനിമയില്‍ ഡിസ്‌കോ സംഗീതത്തെ ജനപ്രിയമാക്കിയത് ബപ്പി ലാഹിരിയാണ്. വര്‍ദത്, ഡിസ്‌കോ ഡാന്‍സര്‍, നമക് ഹലാല്‍, കമാന്‍ഡോ, ഷറാബി, ഡാന്‍സ് ഡാന്‍സ് തുടങ്ങി അനവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. മലയാളത്തില്‍ ‘ദ ഗുഡ് ബോയ്സ്’ സിനിമയിലെ പാട്ടുകള്‍ക്കും സംഗീതം നല്‍കി. 2020 ചിത്രം ഭാഗിയിലാണ് അദ്ദേഹത്തിന്റെ അവസാന ഗാനം.

അപരേഷ് ലാഹിരിയുടെയും ഭാന്‍സുരി ലാഹിരിയുടെയും മകനായി ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം അലോകേഷ് ലാഹിരി എന്നാണ്. മാതാപിതാക്കള്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ച ഗായകരായിരുന്നു. കിഷോര്‍ കുമാര്‍ ബന്ധുവാണ്. മൂന്നാം വയസ്സില്‍ തബല പഠിച്ചുതുടങ്ങിയ അലോകേഷ് പിന്നീട് സംഗീത പഠനത്തിലേക്ക് എത്തുകയായിരുന്നു. സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസ് സീസണ്‍ 15ല്‍ അതിഥിയായി എത്തിയതാണ് ബപ്പി ലാഹിരിയുടെ അവസാനത്തെ വേദി.

ഒരു മാസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍, പിന്നീട് ആരോഗ്യസ്ഥിതി വീണ്ടും മോശമാവുകയായിരുന്നു. ഒഎസ്എ (ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ) ആണ് മരണ കാരണമെന്ന്ക്രിട്ടികെയര്‍ ആശുപത്രി ഡയറക്ടര്‍ ഡോ. ദീപക് നംജോഷി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൊവിഡ് മോചിതനായിരുന്നു അദ്ദേഹം.