പേഴ്സണൽ സ്റ്റാഫായി ഹരി എസ്. കർത്തയെ നിയമിച്ചത് തന്റെ തീരുമാനം; സർക്കാർ തലയിടേണ്ടതില്ലെന്ന് ഗവർണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വീണ്ടും ഏറ്റുമുട്ടലിനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പേഴ്സണൽ സ്റ്റാഫായി ഹരി എസ്. കർത്തയെ നിയമിച്ചത് തന്റെ തീരുമാനമാണെന്നും വിഷയത്തിൽ സർക്കാർ തലയിടേണ്ടതില്ലെന്നും ഗവർണർ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഗവർണറുടെ പ്രതികരണം. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പാർട്ടിക്കാരെ നിയമിക്കുന്നതിനെതിരേയും ഗവർണർ രംഗത്തെത്തി. രണ്ട് വർഷത്തിന് ശേഷം ഇത്തരക്കാർക്ക് പെൻഷൻ നൽകുന്ന നടപടി നിയമവിരുദ്ധമാണ്. പേഴ്സണൽ സ്റ്റാഫ് പദവിയിൽ നിന്ന് രാജിവെച്ച് ഇവരെല്ലാം വീണ്ടും പാർട്ടിയിലേക്ക് തിരികെയെത്തി പ്രവർത്തിക്കുന്നു. ഇപ്രകാരം പാർട്ടി കേഡറുകളെ വളർത്തുന്നതിനോട് യോജിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

അടുത്തകാലത്താണ് കേരളത്തിലെ പേഴ്സണൽ സ്റ്റാഫ് നിയമന രീതിയെക്കുറിച്ച് അറിഞ്ഞത്. രണ്ട് വർഷത്തിന് ശേഷം പെൻഷൻ നൽകുന്ന ഇത്തരം പേഴ്സണൽ സ്റ്റോഫ് നിയമനം നാണംകെട്ട ഏർപ്പാടാണെന്ന് അദ്ദേഹം വിമർശിച്ചു. പാർട്ടിക്കാർക്ക് പെൻഷൻ കൊടുക്കേണ്ടത് സർക്കാർ ചെലവിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവർണറുടെ പേഴ്സണൽ സ്റ്റാഫായി ബിജെപി നേതാവ് ഹരി എസ്. കർത്തയുടെ നിയമനം വന്നതിനെതിരെ വിമർശനവുമായി സർക്കാർ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗവർണർ വിമർശനവുമായി രംഗത്തെത്തിയത്. ഗവർണറുടെ താത്പര്യം കൊണ്ടു മാത്രമാണ് നിയമനം നടത്തിയതെന്നും മുഖ്യമന്ത്രിയുടെ വിയോജനത്തോടെയാണ് ഉത്തരവ് ഇറങ്ങിയതെന്നുമായിരുന്നു സർക്കാർ ഗവർണറോട് വ്യക്തമാക്കിയിരുന്നത്.