തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐയ്ക്ക് ജനറൽ സീറ്റ് നഷ്ടമായി. എസ്എഫ്ഐ സ്ഥാനാർത്ഥിയുടെ പത്രിക അസാധുവായി. തുടർന്ന് ആർട്സ് ക്ലബ്ല് സെക്രട്ടറി സ്ഥാനം കെഎസ്യുവിന് ലഭിച്ചു. 38 വർഷത്തിന് ശേഷമാണ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ഭാരവാഹിത്വത്തിലേക്ക് ഒരു കെഎസ് യു പ്രതിനിധി എത്തിയത്.
എസ്എഫ്ഐയുടെ അൽ അയ്ന ജാസ്മിനും കെഎസ് യുവിന്റെ ഡെൽനാ തോമസുമായിരുന്നു ആർട്സ് ക്ലബ്ബ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ. എന്നാൽ എസ്എഫ്ഐയുടെ അൽഅയ്നയ്ക്ക് കോട്ടയം മെഡിക്കൽ കോളേജിൽ എംബിബിഎസിന് അഡ്മിഷൻ ലഭിച്ചു. ഇതോടെ ഇവർ കോളേജിൽ നിന്നും ടിസി വാങ്ങി അഡ്മിഷനെടുത്തു. ഇക്കാര്യം കെഎസ്യു പ്രവർത്തകർ ഉന്നയിച്ചതോടെയാണ് എസ്എഫ്ഐ സ്ഥാനാർത്ഥിയുടെ പത്രിക അസാധുവാക്കിയത്. പത്രിക അസാധുവായി പ്രഖ്യാപിച്ചതിന് പിന്നാലെ യൂണിവേഴ്സിറ്റി കോളജിൽ എസ് എഫ് ഐയും കെഎസ്യുയും തമ്മിൽ സംഘർഷമുണ്ടായി.
തുടർന്ന് യൂണിവേഴ്സിറ്റി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി വച്ചു. അതേസമയം തോൽക്കുമെന്ന് ഉറപ്പായപ്പോൾ കോളേജിൽ എസ്എഫ്ഐ അക്രമം അഴിച്ച് വിടുകയാണെന്നാണ് കെഎസ്യുവിന്റെ ആരോപണം.

