‘തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് എന്റെ ഉത്തരവാദിത്വം’;യോഗി ആദിത്യനാഥ്‌

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി കേരളം, ബംഗാള്‍, കശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കെതിരെ യുപിയിലെ വോട്ടര്‍മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പിനെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പിന് മുമ്പ് തന്റെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് യോഗി പറഞ്ഞു.

‘ഇവര്‍ ബംഗാളില്‍ നിന്ന് വന്ന് ഇവിടെ അരാജകത്വം സൃഷ്ടിക്കുകയാണ്. ഇതില്‍ ജാഗ്രത പുലര്‍ത്തണമെന്നും നിങ്ങള്‍ക്ക് ലഭിക്കുന്ന സുരക്ഷയും ബഹുമാനവും മറ്റുചിലര്‍ തടസ്സപ്പെടുത്താന്‍ വന്നിരിക്കുകയാണെന്നും അതനുവദിക്കരുതെന്നും ജനങ്ങളെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് എന്റെ ഉത്തരവാദിത്വമായിരുന്നു’, യോഗി വ്യക്തമാക്കി. ‘ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു, ബംഗാളില്‍ സമാധാനപരമായിട്ടാണോ തിരഞ്ഞെടുപ്പ് നടന്നത്. അടുത്തിടെ നടന്ന വിധാന്‍സഭ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ അക്രമത്തിനിരയായി. ബൂത്തുകള്‍ പിടിച്ചെടുത്തു. അരാജകത്വം ഉച്ചസ്ഥായിയില്‍ എത്തി. നിരവധിപേര്‍ കൊല്ലപ്പെട്ടു. സമാനമായ അവസ്ഥയാണ് കേരളത്തിലും. ഈ രണ്ട് സംസ്ഥാനങ്ങളിലും നടന്നത് പോലുള്ള ആക്രമണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും മറ്റേതെങ്കിലും സംസ്ഥാനങ്ങളില്‍ നടന്നിട്ടുണ്ടോ?’, യോഗി ചോദിച്ചു.

‘യുപി തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം സമാധാനപരമായിട്ടാണ് പൂര്‍ത്തിയായത്. നേരത്തെ ഇവിടെ കലാപം നടന്നിരുന്നു. അരാജകത്വം പടര്‍ന്നുപിടിച്ചിരുന്നു. കുറ്റകൃത്യങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ എന്തെങ്കിലും കലാപം ഇവിടെ നടന്നോ’, അദ്ദേഹം ചോദ്യമുന്നയിച്ചു. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയിക്കാനായില്ലെങ്കില്‍ യുപി കേരളവും ബംഗാളും കശ്മീരും ആയി മാറാന്‍ അധിക സമയം എടുക്കില്ലെന്നും അതുകൊണ്ട് തെറ്റുപറ്റാതെ സൂക്ഷിക്കണമെന്നുമായിരുന്നു യോഗി ആദിത്യനാഥ് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇതിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു