ന്യൂഡൽഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഉത്തർപ്രദേശിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഗോവയിലും ഉത്തരാഖണ്ഡിലും എല്ലാ മണ്ഡലങ്ങളിലും ഇന്ന് തെരഞ്ഞെടുപ്പ് നടക്കും.
301 സ്ഥാനാർത്ഥികളാണ് ഗോവയിൽ ജനവിധി തേടുന്നത്. 40 നിയോജക മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. മുൻ മുഖ്യമന്ത്രിയും മുൻ പ്രതിരോധമന്ത്രിയുമായിരുന്ന മനോഹർ പരീക്കറുടെ വിയോഗത്തിനു ശേഷം ഗോവയിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.
ഉത്തരാഖണ്ഡിൽ 70 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. 13 ജില്ലകളാണ് ഉത്തരാഖണ്ഡിലുള്ളത്. 632 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്.
ഉത്തർപ്രദേശിൽ 9 ജില്ലകളിലെ 55 സീറ്റുകളിലേക്കായി 586 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ മത്സര രംഗത്തുള്ളത്. ഫെബ്രുവരി പത്തിനാണ് യുപിയിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നത്. 59.87 ശതമാനം പോളിംഗാണ് സംസ്ഥാനത്തൊട്ടാകെ രേഖപ്പെടുത്തിയത്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുതിയത്. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ 9 മന്ത്രിമാരുൾപ്പടെ 623 സ്ഥാനാർത്ഥികളും ജനവിധി തേടിയിരുന്നു.

