കൊവിഡ് ചികിത്സക്ക് ഉപയോഗിക്കാവുന്ന ഫാബി സ്പ്രേ എന്ന പേരിലുള്ള നേസല്‍ സ്പ്രേ പുറത്തിറക്കി ഇന്ത്യ. മുംബൈ ആസ്ഥാനമായ മരുന്ന് കമ്പനി ഗ്ലെന്‍മാര്‍ക്ക് ആണ് കനേഡിയന്‍ കമ്പനിയുടെ സഹകരണത്തോടെ സ്‌പ്രേ പുറത്തിറക്കിയത്. ശ്വാസനാളിയുടെ മുകള്‍ഭാഗത്തു വച്ചു തന്നെ കൊറോണ വൈറസിനെ നശിപ്പിക്കാന്‍ ഈ നേസല്‍ സ്പ്രേയ്ക്ക് സാധിക്കും. ഇതിനാല്‍ വൈറസ് ശ്വാസകോശത്തിലെത്തുകയില്ല.
സ്പ്രേ നിര്‍മ്മാണത്തിനും വിപണനത്തിനുമുള്ള അനുമതി നേരത്തേ ഗ്ലെന്‍മാര്‍ക്കിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കിയിരുന്നു. ഇന്ത്യയില്‍ 20 ഇടങ്ങളിലായി 306 രോഗികളില്‍ ഈ നേസല്‍ സ്പ്രേയുടെ മൂന്നാം ഘട്ട പരീക്ഷണം നടത്തി. കൊവിഡ് അണുബാധയുടെ ആദ്യ ഘട്ടത്തില്‍ ഉപയോഗിച്ചാല്‍ വൈറല്‍ ലോഡ് കുറക്കാനും പെട്ടെന്ന് നെഗറ്റീവ് ആകാനും നേസല്‍ സ്പ്രേ സഹായിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ശ്രീകാന്ത് കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി. മെഡിക്കല്‍ ഉപകരണങ്ങളുടെ വിപണനത്തിന് അനുമതി നല്‍കുന്ന സിഇ മാര്‍ക്ക് യൂറോപ്പില്‍ ഈ സ്പ്രേയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഗ്ലെന്‍മാര്‍ക്ക് അറിയിച്ചു.

