മുംബൈ: ഹിജാബുമായി ബന്ധപ്പെട്ട് വിവാദം ഉയരുന്ന സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് സമീർ അഹമ്മദ് നടത്തിയ പരാമർശം വിവാദമാകുന്നു. ഇന്ത്യയിൽ ഇത്രയധികം ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് സ്ത്രീകൾ പർദയും മുഖാവരണവും ധരിക്കാത്തതിനാൽ ആണെന്ന സമീറിന്റെ പ്രസ്താവനയാണ് വിവാദത്തിന് ഇടയാക്കിയത്. പർദ ധരിക്കുന്നതിലൂടെ സ്ത്രീകൾക്ക് അവരുടെ സൗന്ദര്യം മൂടിവെക്കാൻ കഴിയുമന്നും അപ്പോൾ രാജ്യത്ത് ബലാത്സംഗങ്ങളുടെ എണ്ണം കുറയുമെന്നുമായിരുന്നു സമീർ അഹമ്മദിന്റെ പരാമർശം.
ഹിജാബിന്റെ ഉദ്ദേശ്യം പെൺകുട്ടികൾ വളർന്നു വരുമ്പോൾ അവരുടെ സൗന്ദര്യം മറച്ചുവെക്കുക എന്നതാണ്. പെൺകുട്ടികളുടെ സൗന്ദര്യം പുറത്തുകാണാൻ പാടില്ല. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ബലാത്സംഗം നടക്കുന്ന രാജ്യമാണ് ഇന്ത്യ. അത് സ്ത്രീകൾ പർദ ധരിക്കാത്തതുകൊണ്ടാണെന്നാണ് സമീർ അഹമ്മദിന്റെ വിചിത്രമായ കണ്ടെത്തൽ. കർണാടകയിൽ ഹിജാബ് വിഷയം ഉയരുന്ന സാഹചര്യത്തിലുള്ള സമീർ അഹമ്മദിന്റെ പ്രസ്താവന വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്. നിരവധി പേരാണ് സമീർ അഹമ്മദിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുള്ളത്.

