കെപിസിസിയിൽ യാതൊരു തർക്കവുമില്ല; കെ സുധാകരനുമായി നല്ല ബന്ധമാണുള്ളതെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസിയിൽ യാതൊരു തർക്കവുമില്ലെന്നും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനുമായി നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റിന് പൂർണ പിന്തുണ നൽകിയിട്ടുള്ള ആളാണ് താൻ. പാർട്ടി ഒറ്റക്കെട്ടായാണ് പോകുന്നതെന്നും ഇപ്പോഴുണ്ടായ വിവാദം മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന വാർത്തകൾ കെ സുധാകരൻ തള്ളി. ചെന്നിത്തലയ്‌ക്കെതിരെ പാർട്ടി നേതൃത്വത്തിന് മുന്നിൽ പരാതികളില്ലെന്നും വാർത്ത പ്രചരിക്കാനിടയായ സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ നിലപാടുകളിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ. നയപരമായ കാര്യങ്ങളിൽ ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കുന്ന ചെന്നിത്തലയുടെ നിലപാടിനെതിരെയാണ് സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചത്. ലോകായുക്ത ഓർഡിനൻസിനെതിരെ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന ചെന്നിത്തലയുടെ പ്രഖ്യാപനം കോൺഗ്രസ് നേതൃത്വത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ്. വിഷയത്തിലെ അതൃപ്തി ചെന്നിത്തലയെ നേരിട്ട് തന്നെ അറിയിക്കാനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്.

മുതിർന്ന നിയമസഭാ അംഗമെന്ന നിലയിലാണ് രമേശ് ചെന്നിത്തല പ്രമേയത്തിനുള്ള നീക്കം ആരംഭിച്ചതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വിശദീകരണം. നേതൃത്വത്തെ നോക്കുകുത്തിയാക്കി തീരുമാനങ്ങൾ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നത് ശരിയായ രീതിയല്ലെന്നാണ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഉയരുന്ന വിമർശനം. സഭാ സമ്മേളനം തുടങ്ങാനിരിക്കെ സഭയിലെ പ്രതിപക്ഷ നീക്കങ്ങൾ പാർലമെന്ററി പാർട്ടി തീരുമാനിച്ച് പ്രതിപക്ഷ നേതാവാണ് പ്രഖ്യാപിക്കേണ്ടതെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ലോകായുക്ത ഓർഡിനൻസിനെ എതിർക്കാനുള്ള തീരുമാനം യുഡിഎഫ് എടുത്തതാണെന്നാണ് രമേശ് ചെന്നിത്തല അനുകൂലികൾ വ്യക്തമാക്കുന്നത്. രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായിരിക്കെ സതീശൻ പല പ്രമേയങ്ങൾ കൊണ്ടുവന്നതും സർക്കാറിനെതിരെ സ്പീക്കർക്ക് പരാതി നൽകിയതും ഇതിനെ സാധൂകരിക്കുന്നതിനായി ഇവർ ഉയർത്തിക്കാട്ടുന്നു.