പുസ്തക രചന; എം ശിവശങ്കറിനെതിരെ അന്വേഷണം ആരംഭിച്ച് കേന്ദ്ര പഴ്‌സണൽ ആന്റ് ട്രെയിനിംഗ് വകുപ്പ്

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ അന്വേഷണം ആരംഭിച്ച് കേന്ദ്ര പഴ്‌സണൽ ആന്റ് ട്രെയിനിംഗ് വകുപ്പ് (ഡിഒപിടി). മുൻകൂട്ടി അനുവാദം വാങ്ങാതെ ആത്മകഥ എഴുതിയതിനാണ് നടപടി. കേന്ദ്ര അന്വേഷണ ഏജൻസികളുടെയും അഡീഷണൽ സോളിസിറ്റർ ജനറലിന്റെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിലാണ് പുസ്തകത്തിന്റെ ഉള്ളടക്കമെന്ന് ഇന്റലിജൻസ് ബ്യൂറോ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെതിരെ അന്വേഷണം ആരംഭിച്ചത്.

കോടതിയോട് നുണ പറയുന്ന സർക്കാർ വക്കീൽ എന്നാണ് കേസിൽ കേന്ദ്ര ഏജൻസിക്കു വേണ്ടി ഹാജരായ ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറലിനെ പുസ്തകത്തിൽ വിശേഷിപ്പിച്ചിട്ടുള്ളത്. ഗുരുതരമായ അച്ചടക്ക ലംഘനമാണ് ശിവശങ്കർ നടത്തിയതെന്നും സോളിസിറ്റർ ജനറലിന്റെ വാദങ്ങൾ അംഗീകരിച്ച കോടതി വിധിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണ് ശിവശങ്കറിന്റെ പ്രവൃത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സ്വർണക്കടത്ത്, ഡോളർ കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിൽ ശിവശങ്കറിനെതിരെ അന്വേഷണം നടത്തുന്ന കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികളെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്.