ആരോഗ്യ സേതു ആപ്പിന്റെ എല്ലാ ഉപയോക്താക്കൾക്കും എബിഎച്ച്എ നമ്പർ സൃഷ്ടിക്കാം; വിശദ വിവരങ്ങൾ അറിയാം

ന്യൂഡൽഹി: ആരോഗ്യ സേതു ആപ്പിന്റെ എല്ലാ ഉപയോക്താക്കൾക്കും ഇനി മുതൽ യുണീക് ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് നമ്പർ സൃഷ്ടിക്കാം. ദേശീയ ആരോഗ്യ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (എബിഡിഎം) നിലവിൽ 16.4 കോടി എബിഎച്ച്എ നമ്പറുകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ആരോഗ്യ സേതു ആപ്പിലൂടെ ഇത് വർധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതോറിറ്റി വ്യക്തമാക്കി. ഡോക്ടർമാരുടെ കുറിപ്പടികൾ, ലാബ് റിപ്പോർട്ടുകൾ, ആശുപത്രി രേഖകൾ മുതലായവ ഉൾപ്പെടെ നിലവിലുള്ളതും പുതിയതുമായ മെഡിക്കൽ റെക്കോർഡുകൾ ബന്ധിപ്പിക്കുന്നതിന് എബിഎച്ച്എ നമ്പർ ഉപയോഗിക്കാം.

രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രൊഫഷണലുകളുമായും ആരോഗ്യ സേവന ദാതാക്കളുമായും ഈ രേഖകൾ പങ്കിടാനും മറ്റ് ഡിജിറ്റൽ ആരോഗ്യ സേവനങ്ങൾ പ്രയോജനപ്പെടുത്താനും കഴിയും. കോവിഡ് മഹാമാരി സമയത്ത് ആരോഗ്യ സേതു നിർണായക പങ്ക് വഹിച്ചു. ഇത് മൊബൈൽ ആപ്ലിക്കേഷന്റെ വ്യാപകമായ ഉപയോഗത്തിന് കാരണമായി. വാക്‌സിനേഷൻ ഈ മഹാമാരിക്കെതിരെ പോരാടാൻ നമ്മെ സഹായിക്കുന്നതിനാൽ, വ്യാപകമായി ഉപയോഗിക്കുന്ന ഈ ഡിജിറ്റൽ പൊതുസേവനം പുനർനിർമ്മിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് നാഷണൽ ഹെൽത്ത് അതോറിറ്റി (എൻഎച്ച്എ) സിഇഒ ഡോ ആർ എസ് ശർമ്മ അറിയിച്ചു.

ഉപയോക്താവിന് അവരുടെ ആധാർ നമ്പറും പേര്, ജനന വർഷം (അല്ലെങ്കിൽ ജനനത്തീയതി), വിലാസം എന്നിവ പോലുള്ള ചില അടിസ്ഥാന വിവരങ്ങളും ഉപയോഗിച്ച് അവരുടെ എബിഎച്ച്എ നമ്പർ ജനറേറ്റ് ചെയ്യാം. ആധാർ ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസോ മൊബൈൽ നമ്പറോ ഉപയോഗിച്ചു കൊണ്ട് എബിഎച്ച്എ നമ്പർ ജനറേറ്റ് ചെയ്യാനുള്ള അവസരവും ഉണ്ട്. https://abdm.gov.in/ അല്ലെങ്കിൽ ABHA ആപ്പ് വഴി എബിഎച്ച്എ നമ്പർ സൃഷ്ടിക്കാമെന്നും ദേശീയ ആരോഗ്യ അതോറിറ്റി വ്യക്തമാക്കി.