ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് പുനരാരംഭിച്ച് ഐആർസിടിസി

ന്യൂഡൽഹി: ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് പുനരാരംഭിച്ച് ഐ.ആർ.സി.ടി.സി. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിലാണ് നടപടി. ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് പുനരാരംഭിക്കണമെന്ന് യാത്രക്കാർ നിരന്തരം അഭ്യർത്ഥിച്ചിരുന്നു. റെയിൽവേ ബോർഡിൽ നിന്ന് ലഭിച്ച മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് പുനഃസ്ഥാപിക്കുന്നതെന്ന് ഐആർസിടിസി അറിയിച്ചു.

428 ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണവിതരണം പുനരാരംഭിച്ചിട്ടുണ്ട്. രാജധാനി, തുരന്തോ, ശതാബ്ദി തുടങ്ങിയ ട്രെയിനുകളിൽ ഭക്ഷണ വിതരണം പുനരാരംഭിച്ചത്. റെഡി ടു ഈറ്റ് ഭക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചു. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ കണക്കിലെടുത്താണ് കാറ്ററിങ് സർവീസുകൾ നിർത്തിവെച്ചത്. കോവിഡ് വൈറസ് മഹാമാരി കണക്കിലെടുത്ത് റെയിൽവേയിലും 2020 മാർച്ച് 23 മുതൽ നിയന്ത്രണങ്ങൾ നിലവിലുണ്ട്. രാജ്യത്ത് രോഗവ്യാപന നിരക്ക് കുറഞ്ഞതോടെ, 2020 ഓഗസ്റ്റ് 5-ന് ട്രെയിനുകളിൽ റെഡി ടു ഈറ്റ് മീൽസ് ആരംഭിച്ചിരുന്നു.