ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരത്ത് മലയോരമേഖലയിലും നഗരമേഖലയിലും ഉച്ചമുതൽ ശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്. രാത്രിയോടെ മഴയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വടക്കൻ ജില്ലകളിലെ വനമേഖലകളിലും മഴ അനുഭവപ്പെട്ടേക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.

മധ്യ തെക്കൻ കേരള ജില്ലകളിൽ രാത്രി വരെ ഇടവിട്ട് മഴ ലഭിക്കും. 2 കിലോമീറ്റർ വരെ ഉയരത്തിൽ കിഴക്കൻ കാറ്റ് കേരളത്തിന് നേരെ ശക്തിപ്രാപിക്കുകയും ബംഗാൾ ഉൾക്കടലിൽ നിന്നും ഈർപ്പം കൂടുതൽ കലർന്ന മേഘം കേരളത്തിന് മേലെ എത്തിച്ചേർന്നതുമാണ് അപ്രതീക്ഷിതമായി മഴ അനുഭവപ്പെടാൻ കാരണം.