നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനെതിരെ പോക്‌സോ കേസ്; പരാതിയിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചി: മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനു പിന്നാലെ വിവാദത്തിലായ ഫോർട്ടു കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനെതിരെ പോക്‌സോ കേസ്. റോയിയുടെ കൂട്ടാളികളായ സൈജു തങ്കച്ചൻ, അഞ്ജലി എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. ഹോട്ടലിൽ റോയ് വയലാറ്റ് ലൈംഗികമായി ഉപദ്രവിച്ചെന്നും അഞ്ജലിയും സൈജുവും ഇതിന് കൂട്ടു നിന്നെന്നുമാണ് പോക്‌സോ കേസ് പരാതിയിൽ പറയുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് ഫോർട്ട് കൊച്ചി പൊലീസിലാണ് പരാതി ലഭിച്ചത്. കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് പരാതി നൽകിയത്. കോഴിക്കോട് മാർക്കറ്റിങ് കൺസൾട്ടൻസി നടത്തുന്ന വ്യക്തിയാണ് അഞ്ജലി. ബിസിനസ് മീറ്റിന് എന്ന പേരിലാണ് താനുൾപ്പടെ അഞ്ചിലേറെ പെൺകുട്ടികളെ ഇവർ കൊച്ചിയിലേയ്ക്കു കൂട്ടിക്കൊണ്ടു വന്നതെന്ന് പരാതിക്കാരി പറയുന്നു.

സംഭവത്തെ കുറിച്ചു പുറത്തു പറഞ്ഞാൽ ഇവരുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിടും എന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ പരാതി മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിനു ഫോർട്ടു കൊച്ചി പോലീസ് കൈമാറിയിരിക്കുകയാണ്. റോയ് ഉപദ്രവിക്കുന്നത് മറ്റ് പ്രതികൾ മൊബൈലിൽ ചിത്രീകരിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. കുണ്ടന്നൂരുള്ള ആഡംബര ഹോട്ടലിൽ താമസിപ്പിച്ച ശേഷം രാത്രി സൈജുവിന്റെ ആഡംബര കാറിൽ രാത്രി നമ്പർ 18 ഹോട്ടലിൽ എത്തിക്കുകയായിരുന്നു. കോഴിക്കോട് അഞ്ജലി നടത്തുന്ന സ്ഥാപനത്തിലെ യുവതികളെ പലരെയും സ്ഥിരമായി കൊച്ചിയിലെത്തിച്ച് ലഹരിക്ക് അടിമയാക്കി ദുരുപയോഗം ചെയ്തിരുന്നു. ഇതിൽ പലരും ഇപ്പോൾ പരാതിയുമായി മുന്നോട്ടു വരികയും കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിനു മുന്നിൽ മൊഴി നൽകിയതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മോഡലുകളുടെ അപകട മരണം നടന്നതിന് ഏഴു ദിവസം മുൻപാണ് ഇരയെ കൊച്ചിയിലെത്തിച്ചത്. തലനാരിഴയ്ക്കാണ് നമ്പർ 18 ഹോട്ടലിൽ നിന്നു രക്ഷപ്പെട്ടത്. നിരവധി പെൺകുട്ടികളെ ജോലിക്കെന്ന പേരിൽ കൂടെ നിർത്തി ലഹരി നൽകി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പരാതിയിൽ വിശദമാക്കുന്നു. രണ്ടര മാസത്തെ പരിചയമാണ് ഇവരുമായുള്ളത്. ഇവരുടെ സ്ഥാപനത്തിൽ ജോലിക്കെടുത്ത് തന്നെയും ദുരുപയോഗം ചെയ്യാനായിരുന്നു ശ്രമം. അവിടെ ജോലിക്കെത്തുന്നതിന് ഒന്നര മാസം മുമ്ബ് ഒരു പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തിയ വിവരം അറിയുന്നതു പിന്നീടാണ്. സ്വയംസംരംഭക എന്നു വിശേഷിപ്പിച്ച് മാദ്ധ്യമങ്ങളിൽ വൻ പരസ്യം നൽകിയാണ് പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. അശ്ലീല വിഡിയോ പകർത്തി ഭീഷണിപ്പെടുത്തിയും പെൺകുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.