ആശ്വസിക്കാം; രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 58,077 പുതിയ കൊവിഡ് കേസുകളും, 657 കൊവിഡ് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,07,177 ആയി ഉയര്‍ന്നു. 1,50,407 പേര്‍ കൂടി രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലായി 6,97,802 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇതിലെ കുറവും ഏറെ ആശ്വാസമേകുന്നതാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.89 ശതമാനമായി കുറഞ്ഞു. രാജ്യത്ത് ആകെ വാക്‌സിനേഷന്‍ 1,71,79,51,432 ആയി ഉയര്‍ന്നിട്ടുണ്ട്.

പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും, കേരളത്തിലെ കൊവിഡ് കേസുകളിലും ആശ്വാസകരമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്ത് ഇന്നലെ 18,420 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 6,248 കര്‍ണാടക 5,019, തമിഴ്‌നാട് 3,592 എന്നിങ്ങനെയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റു സംസ്ഥാനങ്ങള്‍. കേരളത്തിലെ വിവിധ ജില്ലകളിലായി 3,88,601 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,80,753 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7848 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1205 പേരെയാണ് ഇന്നലെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,32,980 കൊവിഡ് – 19 കേസുകളില്‍, 3.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20 കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. കൂടാതെ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 168 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 153 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 61,134 ആയെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.