തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. നീതിന്യായ സംവിധാനങ്ങളെ എങ്ങനെ ദുരുപയോഗം ചെയ്യാമെന്നു മോദിക്കു പോലും പിണറായിൽ നിന്നു പഠിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. എം ശിവശങ്കറിനെതിരേ സംസാരിച്ച് 48 മണിക്കൂർ പോലും തികയുന്നതിനു മുമ്പ് സ്വപ്നയ്‌ക്കെതിരെയുള്ള കേസുകൾ ഒന്നൊന്നായി കുത്തിപ്പൊക്കുന്നുവെന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഫാസിസ്റ്റുകൾപോലും ഈ രീതിയിൽ നീതിന്യായ വ്യവസ്ഥയെ മലിനമാക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശിവശങ്കറിന് പൂർണ്ണ സംരക്ഷണം നൽകുകയാണ് മുഖ്യമന്ത്രി. എല്ലാം മുഖ്യന്ത്രിക്കുവേണ്ടി ചെയ്യുന്നതിനാൽ ശിവശങ്കറിനെ അസ്ത്രവേഗതയിൽ തിരിച്ചെടുത്താണ് പ്രത്യുപകാരം ചെയ്തത്. മുഖ്യമന്ത്രി ശിവശങ്കറിനെ അന്ധമായി ന്യായീകരിക്കുന്നത് കണ്ടപ്പോൾ കേരളം ലജ്ജിച്ചു മൂക്കത്തുവിരൽവച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കുകയും അവർക്കെതിരെ ജൂഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത ചരിത്രമാണ് പിണറായിക്കുള്ളത്. മുഖ്യമന്ത്രിയെ വെള്ളപൂശിക്കൊണ്ടുള്ള സ്വപ്നയുടെ ശബ്ദരേഖ തയാറാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് എന്നാണ് പുറത്തുവരുന്ന വിവരമെന്ന ആരോപണവും കെ സുധാകരൻ ഉന്നയിച്ചു.
എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലിരിക്കെ പുറത്തുവന്ന ശബ്ദരേഖ ആസൂത്രണം ചെയ്തത് ശിവശങ്കറാണ് എന്ന വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണമില്ല. എയർ ഇന്ത്യ സാറ്റ്‌സ് കേസിൽ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ അട്ടിമറിക്കാൻ ശിവശങ്കർ ഇടപെട്ടു എന്നതിനെക്കുറിച്ചും അന്വേഷണമില്ലെന്ന് അദ്ദേഹം പറഞ്ഞു. ശിവശങ്കറിന്റെ പേരിൽ പുറത്തുവന്ന പുസ്തകം പോലും ആരുടെയോ തിരക്കഥയിൽ രചിച്ചതാണെന്നു കരുതപ്പെടുന്നു. ശബ്ദരേഖയിലും പുസ്തകത്തിലുമൊക്കെ കാരണഭൂതനെ വാഴ്ത്തുകയും അപരാധവിമുക്തനാക്കുകയുമാണു ചെയ്യുന്നതെന്നും അങ്ങനെ ചെയ്യുന്നവർക്കു മാത്രമേ രക്ഷയുള്ളുവെന്നും അദ്ദേഹം പരി.ഹസിക്കുന്നു.

