തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് സ്‌പെയ്‌സ് പാർക്കിലെ ജോലിയിൽ ലഭിച്ച ശമ്പളം തിരിച്ചുപിടിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായുള്ള നീക്കം സർക്കാർ ആരംഭിച്ചതായാണ് വിവരം. സ്വപ്നയുടെ ശമ്പളം തിരികെ നൽകണമെന്നാവശ്യപ്പെട്ട് പ്രൈസ് വാട്ടർ കൂപ്പറിന് സർക്കാർ കത്ത് നൽകി കഴിഞ്ഞു. ധനപരിശോധനാ വിഭാഗം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
വ്യാജ രേഖ ഉപയോഗിച്ചുള്ള നിയമനത്തിലൂടെ സർക്കാരിന് സംഭവിച്ച നഷ്ടം തിരിച്ചു പിടിക്കണമെന്നായിരുന്നു ധനപരിശോധന വിഭാഗം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. നഷ്ടം സംഭവിച്ച തുക തിരിച്ചു നൽകണമെന്നാണ് പ്രൈസ് വാട്ടർ കൂപ്പറിന് സർക്കാർ നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എം.ശിവശങ്കർ, കെഎസ്ടിഐഎൽ മുൻ എം ഡി ജയശങ്കർ പ്രസാദ്, പ്രൈസ് വാട്ടർ കൂപ്പർ എന്നിവരിൽ നിന്നും തിരിച്ചു പിടിക്കാനായിരുന്നു ധനപരിശോധന വിഭാഗം ശുപാർശ നൽകിയിരുന്നത്.
കൺസൾട്ടൻസി കമ്പനിയായ പ്രൈസ് വാട്ടർ കൂപ്പറാണ് ഐടി വകുപ്പിന് കീഴിലെ സ്‌പെയ്‌സ് പാർക്കിൽ ജോലി നൽകാനായി സ്വപ്നയെ തെരഞ്ഞെടുത്തത്. ക്രമക്കേട് കാണിച്ച ഉദ്യോഗസ്ഥരെ ഒഴിവാക്കി പ്രൈസ് വാട്ടർ കൂപ്പറിൽ നിന്ന് മാത്രം നഷ്ടം ഈടാക്കാനാണ് ഇപ്പോൾ സർക്കാർ പദ്ധതിയിടുന്നത്.

