ന്യൂഡൽഹി: കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയുടെ വാടക അടയ്ക്കുന്നില്ല. സുജിത് പട്ടേൽ എന്ന വ്യക്തി നൽകിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നിരവധി കോൺഗ്രസ് നേതാക്കളുടെ വസതികളുടെ വാടക അടയ്ക്കുന്നില്ലെന്നാണ് വിവരാവകാശ രേഖയിൽ വ്യക്തമാക്കിയിട്ടുള്ളത്. അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്തിന് 12,69,902 രൂപയാണ് വാടക കുടിശിക. 2012 ഡിസംബറിലാണ് അവസാനമായി ഇവിടുത്തെ വാടക അടച്ചിട്ടുള്ളത്. 4,610 രൂപയാണ് 10 ജൻപത് റോഡിലെ സോണിയ ഗാന്ധിയുടെ വസതിക്ക് കുടിശിക. 2020 സെപ്തംബറിലാണ് ഏറ്റവും അവസാനമായി ഇവിടുത്തെ വാടക നൽകിയത്.
സോണിയയുടെ പേഴ്സണൽ സെക്രട്ടറിയായ വിൻസന്റ് ജോർജ് താമസിക്കുന്ന ചാണക്യപുരിയിലെ സി-11-109 നമ്പർ ബംഗ്ലാവിന് 5,07,911 രൂപയാണ് കുടിശിക. 2013 ഓഗസ്റ്റിലാണ് ഇവിടെ ഏറ്റവും ഒടുവിൽ വാടക കെട്ടിയത്. കേന്ദ്ര ഭവന-നഗരവികസന മന്ത്രാലയമാണ് വിവരാവകാശ രേഖയ്ക്ക് മറുപടിനൽകിയത്. സർക്കാർ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാർട്ടി സംവിധാനങ്ങൾ മൂന്നു വർഷത്തിനകം സ്വന്തം കെട്ടിടത്തിലേക്കു മാറണമെന്നാണ് നിയമം. അതിന് ശേഷം സർക്കാർ വസതി അവർ ഒഴിഞ്ഞുകൊടുക്കേണ്ടതാണ്.
2013 ൽ അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനം ഒഴിയണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് പലതവണയായി നീട്ടിയെടുക്കുകയായിരുന്നു. കോൺഗ്രസിന് 2010 ജൂണിൽ റോസ് അവന്യു 9 എയിൽ പാർട്ടി ഓഫീസ് പണിയാൻ സ്ഥലം അനുവദിക്കുകയും ചെയ്തിരുന്നു. 2013 ജൂണിൽ പാർട്ടി നിലവിലെ ആസ്ഥാനം ഒഴിയേണ്ടതായിരുന്നു. എന്നാൽ റൗസ് അവന്യൂവിൽ കെട്ടിടനിർമ്മാണത്തിന് അനുമതി ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് വീണ്ടും കാലാവധി ദീർഘിപ്പിച്ചു വാങ്ങുകയായിരുന്നു. പിന്നീട് 2020 ജൂലൈ മാസം ലോധി റോഡിലെ വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് നൽകിയിരുന്നു.
അതേസമയം സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. അഴിമതി നടത്താൻ അവസരം ഇല്ലാത്തതുകൊണ്ടാണ് സോണിയയ്ക്ക് വാടക അടയക്കാൻ കഴിയാത്തതെന്ന് ബിജെപി നേതാവ് തേജീന്ദർ പാൽ സിങ് ബഗ്ഗ അറിയിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റതിന് ശേഷം സോണിയാജിക്ക് വീട്ടുവാടക അടയ്ക്കാൻ കഴിയുന്നില്ല. അത് അഴിമതി നടത്താൻ ഇപ്പോൾ അവർക്ക് കഴിയാത്തതുകൊണ്ട് ആണെന്ന് വ്യക്തമാണ്. എന്നിരുന്നാലും, രാഷ്ട്രീയ ഭിന്നതകൾ മാറ്റി വച്ച് അവരെ ഒരു മനുഷ്യനെന്ന നിലയിൽ തനിക്ക് സഹായിക്കണം എന്നുണ്ട്. അതിനായി സോണിയ ഗാന്ധി ദുരിതാശ്വാസ ഫണ്ട് രൂപീകരിച്ച് താൻ പ്രചാരണത്തിന് തുടക്കമിടുകയാണെന്നും അദ്ദേഹം പരിഹസിച്ചു. 10 രൂപ വീതം അക്കൗണ്ടിലേക്ക് അയച്ച് എല്ലാവരും സോണിയ ഗാന്ധിയെ സഹായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

