തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന് മാത്രമായി എക്സിക്യൂട്ടീവ് എഞ്ചിനിയറെ നിയമിക്കും. കട്ടപ്പന മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയറെയാണ് മുല്ലപ്പെരിയാറിനു മാത്രമായി നിയമിക്കുക. തേക്കടിയിലോ മുല്ലപ്പെരിയാർ അണക്കെട്ടിന് സമീപത്തായോ ആയിരിക്കും ഓഫീസ് സ്ഥാപിക്കുക. ഇതിന് അനുയോജ്യമായ കെട്ടിടം കണ്ടെത്താൻ മന്ത്രി റോഷി അഗസ്റ്റിൻ അധികൃതർക്ക് നിർദേശം നൽകി.
ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ മുല്ലപ്പെരിയാറിന് മാത്രമായി ഒരു എക്സിക്യൂട്ടീവ് എഞ്ചിനിയറെ നിയോഗിക്കുമെന്ന് നേരത്തെ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് നടപടി. കട്ടപ്പന മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർക്കായിരുന്നു മുല്ലപ്പെരിയാറിന്റെ കൂടി അധിക ചുമതല. ഇനി മുതൽ അദ്ദേഹത്തിന് മുല്ലപ്പെരിയാറിന്റെ മാത്രം ചുമതല ആയിരിക്കും നൽകുക.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കേരളം അടിയന്തരമായി ഇടപെടുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. തമിഴ്നാടിനെയാണ് കേരളം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ചും ഡാമിന്റെ സുരക്ഷ സംബന്ധിച്ചുമുള്ള കണക്കുകൾക്കായി ഇത്രയും നാൾ ആശ്രയിച്ചിരുന്നത്. എക്സിക്യൂട്ടീവ് എഞ്ചിനിയറെ നിയമിക്കുന്നതോടെ കേരളത്തിന് ഡാറ്റയ്ക്കായി തമിഴ്നാടിനെ ആശ്രയിക്കേണ്ട ആവശ്യം ഉണ്ടാകില്ല.

