ഹിജാബ് വിവാദം: ‘ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ലെന്ന് ചരിത്രത്തിലെ സ്ത്രീകള്‍ വാദിച്ചിരുന്നു’: ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂഡല്‍ഹി: ഹിജാബ് വിവാദത്തില്‍ പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ‘ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ലെന്ന് ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹിജാബ് ധരിച്ച് ക്ലാസിലിരിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനെതിരെ തീവ്രഹിന്ദു സംഘടനകളും രംഗത്തെത്തിയതോടെ കോളേജുകളിലെ സംഘര്‍ഷം തെരുവുകളിലേക്ക് വ്യാപിച്ചു. വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇതോടെ സ്‌കൂളുകളും കോളേജുകളും അടച്ചു.

സര്‍ക്കാര്‍ ഉത്തരവിനെതിരെ വിവിധ വിദ്യാര്‍ത്ഥിനികളും സംഘടനകളും കോടതിയെ സമീപിച്ചു. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, കാവി ഷാള്‍ പുതച്ച് വരികയും ചെയ്യരുത് എന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. മതത്തെ സൂചിപ്പിക്കുന്ന ഒരു തരം വസ്ത്രങ്ങളും അന്തിമ ഉത്തരവ് വരുന്നത് വരെ വിദ്യാര്‍ത്ഥികള്‍ ധരിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി ഫെബ്രുവരി 14-ലേക്ക് മാറ്റുകയും ചെയ്തു.