ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി ശശി തരൂർ എംപി. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യോഗി ആദിത്യനാഥ് നടത്തിയ വിവാദ പരാമർശത്തിനാണ് ശശി തരൂർ മറുപടി നൽകിയത്. യു പി കേരളമായാൽ മികച്ച വിദ്യാഭ്യാസമുണ്ടാകുമെന്നും കാശ്മീരായാൽ പ്രകൃതി ഭംഗിയും ബംഗാളായാൽ മികച്ച സംസ്‌കാരവുമുണ്ടാകുമെന്നും ശശി തരൂർ പറഞ്ഞു.
വോട്ടർമാർക്ക് തെറ്റുപറ്റിയാൽ യു പി കാശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്നും ഭയരഹിതമായ ജീവിതം ഉറപ്പുവരുത്താൻ ബിജെപിക്ക് വോട്ട് ചെയ്യൂ എന്നുമായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞിരുന്നത്. ഉത്തർപ്രദേശിൽ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു യോഗി ആദിത്യനാഥ് വിവാദ പരാമർശം നടത്തിയത്. ഉത്തർപ്രദേശിൽ ഈ അഞ്ച് വർഷത്തിനുള്ളിൽ ഒരുപാട് അത്ഭുതകരമായ കാര്യങ്ങൾ സംഭവിച്ചു. സൂക്ഷിക്കുക, നിങ്ങൾക്ക് തെറ്റിയാൽ, ഈ അഞ്ച് വർഷത്തെ അധ്വാനം നശിച്ചുപോകുമെന്നും ഉത്തർ പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാൻ അധിക സമയം എടുക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
യോഗിയുടെ പരാമർശത്തിനെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിട്ടുള്ളത്. കേരളത്തിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് യോഗി ആദിത്യനാഥിന് സൈബർ സഖാക്കൾ മറുപടി നൽകിയത്. കേന്ദ്രസർക്കാറിന്റെ സുസ്ഥിര വികസന ഇൻഡിക്ടിലെ കേരളത്തിന്റെ ഒന്നാംസ്ഥാനം ചൂണ്ടിക്കാട്ടിയാണ് ചിലർ യോഗിക്കെതിരെ പ്രതികരിച്ചത്.

