ശ്രീശാന്ത് വീണ്ടും സിനിമയിലേക്ക്

വീണ്ടും സിനിമയിൽ അഭിനയിക്കാൻ ക്രിക്കറ്റ് താരം ശ്രീശാന്ത്. നയൻതാര, വിജയ് സേതുപതി, സാമന്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘കാതുവാക്കിലെ രണ്ടു കാതൽ’ എന്ന ചിത്രത്തിലാണ് ശ്രീശാന്ത് അഭിനയിക്കുന്നത്. മുഹമ്മദ് മോബി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ശ്രീശാന്ത് എത്തുന്നത്. താരത്തിന്റെ ക്യാരക്ടർ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ആദ്യമായാണ് ശ്രീശാന്ത് തമിഴ് ചിത്രത്തിൽ വേഷമിടുന്നത്. റാംബോ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്.

നയൻതാര കൺമണി എന്ന കഥാപാത്രത്തെയും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയുമാണ് ഒരു ത്രികോണ പ്രണയകഥയാണ് ചിത്രത്തിന്റേത്. ആദ്യമായാണ് സാമന്തയും നയൻതാരയും ഒന്നിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ നയൻതാരയും വിഘ്‌നേഷ് ശിവനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. വിഘ്നേഷ് ശിവൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവ്വഹിക്കുന്നത്.

കലാ മാസ്റ്റർ, റെഡിൻ കിംഗ്സ്ലി, ലൊല്ലു സഭാ മാരൻ, ഭാർഗവ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.