ജാമ്യവ്യവസ്ഥ; ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി ദിലീപ്

കൊച്ചി: ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി നടൻ ദിലീപ്. ജാമ്യവ്യവസ്ഥകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് താരം കോടതിയ്ക്ക് മുന്നിൽ ഹാജരായത്. സാങ്കേതികമായി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ദിലീപ് കോടതിയിൽ നേരിട്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിൽ ദിലീപിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ അല്ലെങ്കിൽ മജിസ്ട്രേറ്റ് കോടതിക്ക് മുന്നിൽ ഹാജരായി ജാമ്യമെടുക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതുപ്രകാരമാണ് ദിലീപ് കോടതിയിലെത്തിയത്.

കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനും സഹോദരീ ഭർത്താവിനും മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഇവരും ഇന്ന് കോടതിയിൽ ഹാജരായി. ഉപാധികളോടെയാണ് പ്രതികൾക്ക് മുൻകൂർജാമ്യം അനുവദിച്ചിട്ടുള്ളത്. അന്വേഷണവുമായി സഹകരിക്കണം എന്നുള്ളതായിരുന്നു കോടതി മുന്നോട്ടുവെച്ച പ്രധാന ഉപാധി.

പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് മുൻകൂർ ജാമ്യത്തിന് ഉത്തരവിട്ടത്. ജാമ്യം ഉപാധി ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാമെന്നും കോടതി ഉത്തരവിൽ പറയുന്നു.