ബ്രോഡ്ബാന്‍ഡ് വൈഫൈ എങ്ങനെ സുരക്ഷിതമാക്കാം?

വയര്‍ലെസ് ഗാഡ്ജെറ്റുകളുടെയും കണക്റ്റഡ് ഡിവൈസുകളുടെയും എണ്ണം ഓരോ ദിവസവും വര്‍ധിച്ച് വരികയാണ്. അതിനാല്‍, നമ്മുടെ ഹോം നെറ്റ്വര്‍ക്ക് സുരക്ഷ കൂടുതല്‍ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. സ്മാര്‍ട്ട്ഫോണുകളും ടിവികളും മുതല്‍ സുരക്ഷാ ക്യാമറകളും ബേബി മോണിറ്ററുകളും വരെയുള്ളവ ഒരൊറ്റ ഇന്റര്‍നെറ്റ് ആക്സസ് പോയിന്റിലേക്ക് കണക്റ്റ് ചെയ്തിരിക്കും. ഇത് സുരക്ഷാ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ ബ്രോഡ്ബാന്റ് വൈഫൈ സുരക്ഷിതമാക്കേണ്ടതുണ്ട്. എന്തെല്ലാം രീതിയില്‍ സുക്ഷിതമാക്കാമെന്ന് നോക്കാം.

പേരും പാസ്വേഡും മാറ്റുക

ഏറ്റവും പ്രധാനമായ കാര്യം നിങ്ങളുടെ വൈഫൈ കണക്ഷനില്‍ നല്‍കിയിരിക്കുന്ന ഡിഫോള്‍ട്ടായ പേരും പാസ്വേഡും മാറ്റുക എന്നതാണ്. സര്‍വീസ് സെറ്റ് ഐഡന്റിഫയര്‍ (എസ്എസ്ഐഡി) എന്ന് വിളിക്കപ്പെടുന്ന ഇത് ആദ്യം ലഭിക്കുന്ന രീതിയില്‍ തന്നെ ഇടുന്നത് നിങ്ങള്‍ ഉപയോഗിക്കുന്ന റൗട്ടര്‍ ഏതാണെന്ന് തിരിച്ചറിയാന്‍ ഹാക്കര്‍മാരെ സഹായിക്കും. ആര്‍ക്കും ഊഹിക്കാന്‍ സാധിക്കാത്ത ക്രഡന്‍ഷ്യലുകള്‍ തന്നെ ഇതിനായി നല്‍കുക.

എസ്എസ്‌ഐഡി മാറ്റുന്നത് എങ്ങനെ

വിന്‍ഡോസ് കമാന്‍ഡ് പ്രോംപ്റ്റ് ഓപ്പണ്‍ ചെയ്യുക

‘ipconfig’ എന്ന് ടൈപ്പ് ചെയ്യുക

നിങ്ങളുടെ ഐപി അഡ്രസ് കണ്ടെത്തുക

യുആര്‍എല്ലിലേക്ക് നിങ്ങളുടെ ഐപി അഡ്രസ് ടൈപ്പ് ചെയ്യുക

റൂട്ടറിന്റെ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ നല്‍കുക

വൈഫൈ സെറ്റിങ്‌സ് ഓപ്പണ്‍ ചെയ്യുക

എസ്എസ്‌ഐഡിയും പാസ്വേഡും മാറ്റുക.

എന്‍ക്രിപ്ഷന്‍ എനേബിള്‍ ചെയ്യുക

എന്‍ക്രിപ്ഷന്‍ എനേബിള്‍ ചെയ്താല്‍ നിങ്ങളുടെ നെറ്റ്വര്‍ക്കിലുടനീളം എന്‍ക്രിപ്റ്റ് ചെയ്ത ഡാറ്റ മാത്രമേ റൌട്ടര്‍ കൈമാറുകയുള്ളൂ, ഇത് നിങ്ങളുടെ നെറ്റ്വര്‍ക്കിലേക്ക് ലോഗിന്‍ ചെയ്യാതെ തന്നെ നിങ്ങളുടെ വൈഫൈ നെറ്റ്വര്‍ക്കില്‍ ഹാക്കിങ് നടത്തുന്നത് തടയും.

ഫയര്‍വാളുകള്‍ എനേബിള്‍ ചെയ്യുക

വൈഫൈ റൂട്ടര്‍ ഫയര്‍വാളുകള്‍ പലപ്പോഴും ഡിഫോള്‍ട്ടായി എനേബിള്‍ ആകില്ല. ഇത്തരം അവസരത്തില്‍ നിങ്ങള്‍ വൈഫൈ സെറ്റിങ്‌സിലേക്ക് ലോഗിന്‍ ചെയ്യണം. ഫയര്‍വാള്‍ എനേബിള്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് വേഗത കുറച്ചേക്കാം. അതുകൊണ്ട് ഗെയിമിങ്, എച്ച്ഡി വീഡിയോ സ്ട്രീമിങ് പോലുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഫയര്‍വാള്‍ സെറ്റിങ്‌സ് ഓഫ് ചെയ്യുക.

റൗട്ടറിന്റെ ഫേംവെയര്‍ അപ്‌ഡേറ്റ് ചെയ്യുക

മിക്ക വൈഫൈ റൗട്ടറുകളും സോഫ്‌റ്റ്വെയര്‍ ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ് ചെയ്യാത്തതാണ്. അപ്‌ഡേറ്റ് ചെയ്യുന്നതിന്, റൗട്ടര്‍ നിര്‍മ്മാതാവിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക, ഫേംവെയര്‍ അപ്‌ഡേറ്റ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് അത് ഇന്‍സ്റ്റാള്‍ ചെയ്യുക.

വൈഫൈ ആക്‌സസ് പരിമിതപ്പെടുത്തുക

കൂടുതല്‍ ആളുകള്‍ക്ക് നിങ്ങളുടെ വൈഫൈ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ നല്‍കിയാല്‍ നിങ്ങളുടെ ഡാറ്റ തെറ്റായ കൈകളിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. ഒരു ഗസ്റ്റ് ആക്സസ് നെറ്റ്വര്‍ക്ക് മുന്‍കൂട്ടി ഉണ്ടാക്കുകയും ആ ഗസ്റ്റ് വൈഫൈ നെറ്റ്വര്‍ക്കിലേക്ക് കണക്റ്റുചെയ്യാന്‍ ആളുകളോട് ആവശ്യപ്പെടുകയും ചെയ്യുക.