ഇന്ത്യൻ ജനതയുടെ വികാരം വ്രണപ്പെടുത്തിയതിൽ ഖേദിക്കുന്നു; ക്ഷമാപണം നടത്തി ഡോമിനോസും ഹോണ്ടയും

ന്യൂഡൽഹി: കശ്മീർ വിഘടനവാദികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള സോഷ്യൽ മീഡിയാ പോസ്റ്റുകളിൽ ക്ഷമാപണം നടത്തി ഡോമിനോസും ഹോണ്ടയും. ഇന്ത്യൻ ജനതയുടെ വികാരം വ്രണപ്പെടുത്തിയതിനാണ് ഇരു കമ്പനികളും ക്ഷമാപണം നടത്തിയത്. ഇന്ത്യൻ വിപണിയോട് പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്തെ ജനങ്ങളോടും സംസ്‌കാരത്തോടും അങ്ങേയറ്റം ബഹുമാനമുണ്ടെന്നും ഡൊമിനോസ് ഇന്ത്യ അറിയിച്ചു. കശ്മീരിലെ വിഘടനവാദികളെ പിന്തുണക്കുന്ന ട്വീറ്റിന് കാർ നിർമാതാക്കളായ ഹ്യുണ്ടായ് വിശദീകരണം നൽകിയതിന് പിന്നാലെയാണ് ഡോമിനോസിന്റെ പ്രതികരണം.

25 വർഷത്തിലേറെയായി ഇന്ത്യ തങ്ങൾക്ക് വീടുപോലെയാണ്. രാജ്യത്തെ ജനങ്ങളോടും സംസ്‌കാരത്തോടും ദേശീയതയുടെ ആത്മാവിനോടും അങ്ങേയറ്റം ബഹുമാനമുണ്ട്. ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കാൻ തങ്ങൾ നിലയുറപ്പിക്കുന്നു. ഈ രാജ്യം വാഗ്ദാനം ചെയ്യുന്ന എല്ലാറ്റിനെയും തങ്ങൾ ബഹുമാനിക്കുന്നുവെന്ന് ഡോമിനോസ് ഇന്ത്യ ട്വിറ്ററിൽ കുറിച്ചു. അതേസമയം ഇന്ത്യക്കാരുടെ വികാരത്തെ വ്രണപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രവർത്തിക്കുന്ന എല്ലാ രാജ്യങ്ങളിലെയും നിയമങ്ങളും വികാരങ്ങളും പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഹോണ്ട പറഞ്ഞു.

ഹോണ്ട പ്രവർത്തിക്കുന്ന എല്ലാ രാജ്യങ്ങളിലും വംശം, രാഷ്ട്രീയം, മതം, സാമൂഹിക വിഷയങ്ങൾ അഭിപ്രായം പറയാറില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു. കശ്മീർ ഐക്യദാർഢ്യ ദിനത്തിലാണ് വിവിധ കമ്പനികൾ കശ്മീർ വിഘടന വാദികൾകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പോസ്റ്റിട്ടത്. ഹ്യുണ്ടായ്, കെഎഫ്‌സി, പിസ്സ ഹട്ട്, ടൊയോട്ട, സുസുക്കി, ഹോണ്ട, ഡൊമിനോസ് എന്നീ വമ്പൻ കമ്പനികളാണ് കശ്മീർ വിഘടന വാദികൾക്ക് പിന്തുണ അറിയിച്ചത്. ഇതിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.