ശബ്ദമാധുര്യം കൊണ്ട് ജനങ്ങളുടെ മനസിൽ ഇടംനേടിയ ഗായികയാണ് ലതാമങ്കേഷ്‌കർ. സംഗീത ലോകത്തിന് നികത്താൻ കഴിയാത്ത നഷ്ടം തന്നെയാണ് ലതാമങ്കേഷ്‌കറിന്റെ വിയോഗം. സമ്പന്നതയിലും പ്രശസ്തിയിലും ജീവിക്കുമ്പോഴും ലാളിത്യവും വിനയവും കൈവെടിയാതെയായിരുന്നു ലതാമങ്കേഷ്‌കർ കഴിഞ്ഞിരുന്നത്. ഈ കാരണം കൊണ്ട് തന്നെയാണ് ലതാമങ്കേഷ്‌കർ എല്ലാവർക്കും പ്രിയങ്കരിയായതും.
പിതാവിന്റെ മരണശേഷം ദരിദ്രമായ കുടുംബത്തിന്റെ അതിജീവനത്തിനായാണ് ലത കലാരംഗത്തേക്ക് എത്തുന്നത്. പിന്നീട് വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെയാണ് ലത ഇന്നു കാണുന്ന നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്. ഏകദേശം 360 കോടിയോളം വരുന്ന സമ്പാദ്യം ബാക്കി വച്ചാണ് ലത യാത്രയാകുന്നതെന്നാണ് വിവരം. മുംബൈയിലെ പെഡർ റോഡിലെ പ്രഭുകുഞ്ച് ഭവൻ എന്ന പേരിലുള്ള ആഡംബര വീട്, ആഡംബര കാറുകൾ, കോടിക്കണക്കിന് രൂപയുടെ നിക്ഷപങ്ങൾ തുടങ്ങിയവയെല്ലാം ലതാമങ്കേഷ്‌കറിന്റെ പേരിലുള്ളതായാണ് റിപ്പോർട്ടുകൾ.
കോടിക്കണക്കിന് രൂപയുടെ സമ്പത്തുണ്ടായിരുന്നെങ്കിലും ലളിതമായ ജീവിത രീതികളായിരുന്നു ലതയുടേത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ലത ധാരാളം പണം ചെലവഴിച്ചിരുന്നു. മഹാരാഷ്ട്രയിലെ ലാത്തൂരിൽ കോളേജ് സ്ഥാപിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിന് സംഗീത് രജനി എന്ന സംഗീതസദസ്സിന് ലത നേതൃത്വം നൽകി. ലതയുടെ പിതാവ് ദീനദാഥ് മങ്കേഷ്‌കറിന്റെ പേരിലാണ് ഈ കോളേജ് ഇപ്പോൾ അറിയപ്പെടുന്നത്. അതേസമയം മരണപ്പെടുന്നതിന് മുൻപ് തന്റെ സമ്പാദ്യത്തിലെ ഒരു വലിയ പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ലത മാറ്റിവച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.

