‘ഭരണകൂടത്തെ തൃപ്തിപ്പെടുത്തി മാത്രം വാര്‍ത്ത നല്‍കാനാവില്ല’; അപ്പീല്‍ നല്‍കി മീഡിയ വണ്‍

കൊച്ചി: മീഡിയ വണ്‍ ടിവിയുടെ സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കി മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ എന്നിവര്‍ സംയുക്തമായാണ് അപ്പീല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജികള്‍ നാളെ പരിഗണിക്കും.

ചാനലിനെ കേള്‍ക്കാതെ ലൈസന്‍സ് റദ്ദാക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സംശയാസ്പദമാണെന്നും അപ്പീല്‍ ഹര്‍ജിയില്‍ പറയുന്നു. ഒരു വാര്‍ത്താ ചാനലിന് അപ്‌ലിങ്കിംഗിന് അനുമതി നല്‍കാനുള്ള പോളിസി പ്രകാരം ലൈസന്‍സ് പുതുക്കുമ്പോള്‍ ഓരോ തവണയും പുതിയ സുരക്ഷാ അനുമതി ആവശ്യമില്ലെന്ന വാദം സിംഗിള്‍ ബഞ്ച് പരിഗണിച്ചില്ല എന്ന് അപ്പീല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു വാര്‍ത്താ ചാനലാകുമ്പോള്‍ ഭരണകൂടത്തെ തൃപ്തിപ്പെടുത്തി എന്നും വാര്‍ത്തകള്‍ നല്‍കാനാകില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. പുരാണവാക്യങ്ങള്‍ ഉള്‍പ്പെടുത്തിയല്ല ഭരണഘടനാ തത്വങ്ങള്‍ അനുസരിച്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നതെന്നും വിശദീകരിക്കുന്നു.

അതേസമയം, മീഡിയ വണ്‍ ചാനല്‍ വിലക്കിയതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരുടെ സന്നിധ്യത്തില്‍ ഇന്നലെ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുകയും പ്രതിഷേധ ജ്വാല തെളിയിക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങള്‍ അടിച്ചമര്‍ത്തപ്പെടുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യമാണ് ഇല്ലാതാകുന്നതെനന്നും നേതാക്കള്‍ പറഞ്ഞു. കേന്ദ്രം നല്‍കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളിലെ പരാമര്‍ശങ്ങള്‍ ഗൗരവതരമാണെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസ് എന്‍ നഗരേഷിന്റെ സിംഗിള്‍ ബഞ്ച് മീഡിയ വണ്‍ ചാനലിന്റെ ഹര്‍ജി തള്ളിയത്. ആഭ്യന്തര മന്ത്രാലയം നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ ഒരു മിനിട്ട് പോലും ചാനല്‍ തുടരാന്‍ അനുവദിക്കാനുള്ള സാഹചര്യം ഇല്ലെന്നും ജസ്റ്റിസ് എന്‍ നാഗരേഷ് പറഞ്ഞു.