പാലക്കാട്: കുറുമ്പാച്ചി മലയില്‍ പുതു ചരിത്രം രചിച്ച് ഇന്ത്യന്‍ സൈന്യം. ബിഗ് സല്യൂട്ട് നല്‍കി കേരളം. മലയിടുക്കില്‍ കുടുങ്ങിയ ബബുവിനെ രക്ഷിക്കുകയെന്നത് അതിസാഹസികമായതും ഇന്ത്യന്‍ സൈന്യത്തിന് വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ട ദൗത്യവുമായിരുന്നു. ബാബുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഓരോന്നായി പരാജയപ്പെടുന്നതോടെയാണ് മലയാളിയായ ലെഫ്റ്റന്റ് കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലെ സംഘമെത്തുന്നത്. വടത്തില്‍ താഴേക്ക് കുതിച്ച് വെള്ളം നല്‍കിയും സുരക്ഷാ ജാക്കറ്റ് ധരിപ്പിച്ച് ബാബുവിനെ താങ്ങി പിടിച്ച് മുകളിലേക്കുയര്‍ത്തുകയും ചെയ്തത് ബാലയുടെ ധീരതയാണ്. പാക്കിസ്ഥാനിലേക്ക് സര്‍ജിക്കല്‍ സ്ട്രൈക്കിനായി പറന്നിറങ്ങി ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ സൈന്യം അതിലും വലിയ വിജയമാണ് ഒരു ജീവന്‍ രക്ഷിക്കാനുള്ള ദൗത്യത്തില്‍ മലമ്പുഴയില്‍ നേടിയത്.
തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു ബാബു സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയതും കാല്‍വഴുതി താഴേക്കു വീണ് മലയിടുക്കില്‍ കുടുങ്ങിയതും. 40 മണിക്കൂറിലേറെയായി ഭക്ഷണമോ വെള്ളമോ കിട്ടിയില്ല. രക്ഷാപ്രവര്‍ത്തനം പരാജയപ്പെടുമ്പോള്‍ ബാബു ബോധരഹിതനാകാനുള്ള സാധ്യത എല്ലാവരിലും ആശങ്ക സൃഷ്ടിച്ചിരുന്നു. ഇത് മനസ്സിലാക്കിയാണ് ഇന്ത്യന്‍ സൈന്യം അതിവേഗതയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. കേരളത്തില്‍ ഇതുവരെ നടന്നിട്ടില്ലാത്ത തരത്തിലെ രക്ഷാപ്രവര്‍ത്തനമാണ് ഇത്.
പ്രദേശത്തുള്ള മലകളും ഭൂപ്രകൃതിയും കൃത്യമായി അറിയാവുന്നതിനാല്‍ രക്ഷാദൗത്യത്തിനായി മലമ്പുഴയിലെ പരിസര പ്രദേശത്തുള്ള ആദിവാസികളെ നിയോഗിക്കണമെന്ന് നാട്ടുകാരില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ആദിവാസികളും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. ഇവരുടെ സഹായവും ഉപദേശവും സൈന്യവും സ്വീകരിച്ചു. കരസേനയുടെ ദക്ഷിണ്‍ ഭാരത് ജിഒസി അരുണിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാദൗത്യം സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് സൈനിക നീക്കം തുടങ്ങിയത്.

