രാജ്യത്തിന്റെ സുരക്ഷക്കെതിരെ പ്രവർത്തിച്ചാൽ അംഗീകാരം നഷ്ടമാകും; പുതിയ അക്രഡിറ്റേഷൻ നയം പുറത്തിറക്കി

ന്യൂഡൽഹി: പുതിയ അക്രഡിറ്റേഷൻ നയം പുറത്തിറക്കി പ്രസ് ഇൻഫർമേഷൻ ബ്യൂറോ. കേന്ദ്ര പ്രക്ഷേപണ മന്ത്രാലയമാണ് അക്രഡിറ്റേഷൻ നയം പുറത്തിറക്കിയത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും അഖണ്ഡതയ്ക്കും വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിനും പൊതുക്രമത്തിനും മര്യാദയ്ക്കും വിരുദ്ധമായി പ്രവർത്തിച്ചാൽ മാദ്ധ്യമപ്രവർത്തകർക്ക് സർക്കാരിന്റെ അംഗീകാരം നഷ്ടപ്പെടുമെന്ന് പ്രസ്താവിക്കുന്ന ഒരു വ്യവസ്ഥ നയത്തിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. കോടതിയലക്ഷ്യം, അപകീർത്തിപ്പെടുത്തൽ അല്ലെങ്കിൽ കുറ്റകൃത്യത്തിന് പ്രേരണ എന്നിവയുമായി ബന്ധപ്പെട്ടും അംഗീകാരം നഷ്ടപ്പെടാം. അക്രഡിറ്റേഷൻ ദുരുപയോഗം ചെയ്താൽ അത് പിൻവലിക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യം. പുതിയ നയം അനുസരിച്ച് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്ന മാദ്ധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷന് അർഹതയുണ്ട്. മാദ്ധ്യമപ്രവർത്തകർക്കെതിരെ ‘ഗുരുതരമായ കുറ്റം’ ചുമത്തിയാൽ അക്രഡിറ്റേഷൻ സസ്പെൻഡ് ചെയ്യാമെന്നും പുതിയ നയത്തിൽ പറയുന്നു.

പത്രപ്രവർത്തനേതര പ്രവർത്തനങ്ങൾ, തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കൽ, പത്രപ്രവർത്തകൻ പ്രവർത്തിക്കുന്ന സ്ഥാപനം നിലവിലില്ലെങ്കിലോ അല്ലെങ്കിൽ മാദ്ധ്യമപ്രവർത്തകൻ സംഘടനയിൽ നിന്ന് പുറത്തുപോകുകയോ ചെയ്താലും അക്രഡിറ്റേഷൻ സസ്പെന്റ് ചെയ്യാം. സോഷ്യൽ മീഡിയയിലോ വിസിറ്റിംഗ് കാർഡുകളിലോ ലെറ്റർഹെഡുകളിലോ ‘ഇന്ത്യ ഗവൺമെന്റ് അംഗീകൃതം’ എന്ന് പരാമർശിക്കരുതെന്നും പുതിയ നയത്തിൽ പറയുന്നു.

രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ പങ്കെടുക്കുന്ന ഏതെങ്കിലും പ്രത്യേക പരിപാടികളിലോ, ഡൽഹിയിലെ സർക്കാർ ഓഫീസുകളിലേക്കോ പ്രവേശിക്കണമെങ്കിൽ മാദ്ധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ ആവശ്യമാണ്. ഓൺലൈൻ വാർത്താ പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്ന മാദ്ധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ സംബന്ധിച്ച വിവരങ്ങളും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. വാർത്ത സമാഹരിക്കുന്നവരെ പരിഗണിക്കില്ല. വെബ്‌സൈറ്റിന്റെ ‘കഴിഞ്ഞ ആറ് മാസത്തെ ശരാശരി പ്രതിമാസ സന്ദർശകരുടെ എണ്ണം’ റിപ്പോർട്ട് ചെയ്യുകയും വെബ്‌സൈറ്റിന്റെ സിഎജി-അംഗീകൃത/എംപാനൽ ഓഡിറ്റർമാർ ശരിയായി സാക്ഷ്യപ്പെടുത്തുകയും വേണമെന്നാണ് നിർദ്ദേശം. ഇതിന് പുറമെ ഓൺലൈൻ പ്ലാറ്റ് ഫോമുകൾ ഒരു വർഷത്തിലേറെയായി നിലനിൽക്കണം എന്നാണ് മറ്റൊരു നിബന്ധന.

ഒരു വെബ്‌സൈറ്റിന് പ്രതിമാസം 10 മുതൽ 50 ലക്ഷം വരെ സന്ദർശകരുള്ള ട്രാഫിക് ഉണ്ടെങ്കിൽ, അവർക്ക് അവരുടെ ഒരു മാദ്ധ്യമപ്രവർത്തകനെ അക്രഡിറ്റേറ്റ് ചെയ്യാൻ കഴിയും. പ്രതിമാസം ഒരു കോടിയിലധികം സന്ദർശകരുള്ള വെബ്‌സൈറ്റിന് നാല് പത്രപ്രവർത്തകർക്ക് അംഗീകാരം ലഭിക്കുമെന്ന് മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.