വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസ്; സ്വപ്‌നക്കെതിരെ കുരുക്ക് മുറുക്കി പോലീസ്‌

കൊച്ചി: സ്വപ്ന സുരേഷിന് ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും പോലീസിലെ ചിലരും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണു ചോദ്യം ചെയ്യല്‍. എന്നാല്‍, ആരോഗ്യ പ്രശ്ങ്ങളുള്ളതിനാല്‍ 15-നു ഹാജരാകാമെന്ന് സ്വപ്ന ഇ.ഡിയെ അറിയിച്ചു.

നേരത്തെ പുറത്തുവന്ന തന്റെ ശബ്ദരേഖയ്ക്കു പിന്നില്‍ ശിവശങ്കറാണെന്നു സ്വപ്ന വെളിപ്പെടുത്തിയിരുന്നു. അതേസമയം, സ്പേസ് പാര്‍ക്കില്‍ ജോലിക്കായി സ്വപ്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ബാബാസാഹേബ് അംബേദ്കര്‍ സാങ്കേതിക സര്‍വകലാശാലയില്‍ പോയി നേരിട്ട് അന്വേഷിക്കാനാണ് കന്റോണ്‍മെന്റ് പോലീസിന്റെ തീരുമാനം.

ശിവശങ്കറിന്റെ പുസ്തകം ഇറങ്ങിയതിന് പിന്നാലെയാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശിവശങ്കറിന് അറിയാമായിരുന്നെന്ന് സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി. പറഞ്ഞെന്ന ശബ്ദരേഖയാണു സ്വപ്നയുടേതായി നേരത്തെ പുറത്തു വന്നത്. ശിവശങ്കറിനൊപ്പം ദുബായില്‍ മുഖ്യമന്ത്രിക്കു വേണ്ടി സാമ്പത്തിക ഇടനില നിന്നെന്നു പറയാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും അതില്‍ പറഞ്ഞിരുന്നു. അതെല്ലാം തന്നെക്കൊണ്ട് വ്യാജമായി പറയിപ്പിച്ചതാണെന്നാണു കഴിഞ്ഞദിവസം സ്വപ്ന മാധ്യമങ്ങളോട് തുറന്നു പറഞ്ഞത്.