ബാബുവിന്റെ രക്ഷാപ്രവർത്തനം; ഇന്ത്യൻ സൈന്യത്തിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മലമ്പുഴ ചേറാട് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയ സംഭവത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സൈനിക സംഘത്തിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം രക്ഷാപ്രവർത്തനസംഘത്തിന് നന്ദി അറിയിച്ചത്.

വ്യോമസേന കോസ്റ്റ് ഗാർഡ്, കേരള പോലീസ്, ഫയർ & റസ്‌ക്യൂ, എൻ ഡി ആർ എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കൽ സംഘം, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ബാബുവിന് ആരോഗ്യം വീണ്ടെടുക്കാൻ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ആശങ്കകൾക്കു വിരാമമിട്ട് മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ സാധിച്ചു. ആരോഗ്യം വീണ്ടെടുക്കാൻ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നൽകും.

രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികർ, പാരാ റെജിമെൻറ് സെൻററിലെ സൈനികർ, രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനൻറ് ജനറൽ അരുൺ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നൽകിയ എല്ലാവർക്കും നന്ദി പറയുന്നു. രക്ഷാപ്രവർത്തനവുമായി സഹകരിച്ച വ്യോമസേനക്കും കോസ്റ്റ് ഗാർഡിനും കേരള പോലീസ്, ഫയർ & റസ്‌ക്യൂ, എൻ ഡി ആർ എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കൽ സംഘം, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർക്കും നന്ദി രേഖപ്പെടുത്തുന്നു.