ബ്രാഹ്മണരുടെ കാല്‍ കഴുകിച്ചൂട്ട് വഴിപാടിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ബ്രാഹ്മണരുടെ കാല്‍ കഴുകിച്ച് ഊട്ടുന്ന ചടങ്ങിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയിശാ ക്ഷേത്രത്തില്‍ നടന്ന വഴിപാട് വിവാദമായതോടെയാണ് കോടതിയുടെ നടപടി.

പാപപരിഹാരത്തിനെന്ന പേരില്‍ നടത്തുന്ന ഈ വഴിപാടിന് ചിലവ് 20000 രൂപയാണ്. പന്ത്രണ്ട് ബ്രാഹ്മണരെ ഇരുത്തി അവരുടെ കാല്‍ കഴുകുന്നതാണ് വഴിപാട് രീതി. ചടങ്ങ് വിവാദമായതോടെ ഇത്തരത്തിലുള്ള പ്രാകൃതമായ ആചാരങ്ങള്‍ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് അനില്‍, കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.

അതേസമയം, 2019 മെയില്‍ പാലക്കാട്, ഒറ്റപ്പാലം കൂനംതുളളി മഹാവിഷ്ണുക്ഷേത്രോത്സവത്തിന്റെ ഭാഗമായി ബ്രാഹ്മണരുടെ കാല്‍ കഴുകി പൂജിക്കുന്ന ചടങ്ങ് വലിയ വിവാദമായി മാറിയിരുന്നു. ബ്രാഹ്മണ മേധാവിത്വത്തിലേക്ക് സമൂഹത്തെ നയിക്കാനുളള നീക്കമാണിതെന്നാരോപിച്ച് വന്‍ പ്രതിഷേധം നടന്നിരുന്നു.