കൊവിഡ് കുറയുന്നു; സിപിഐഎം സമ്മേളനങ്ങള്‍ മാറ്റിയേക്കില്ല; അവലോകന യോഗം ഇന്ന്‌

സിപിഐഎം സംസ്ഥാന സമ്മേളനം മാര്‍ച്ച് 1 മുതല്‍ 4 വരെ കൊച്ചിയില്‍ നടക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സമ്മേളനം മാറ്റിവെക്കേണ്ടി വരുമോ എന്ന സംശയത്തിലായിരുന്നു നേതാക്കള്‍. എന്നാല്‍, ദിനംപ്രതി കൊവിഡ് വ്യാപനം കുറയുന്നതിനാല്‍ ഇനി സമ്മേളനങ്ങള്‍ നടത്തുന്നതിനു തടസമുണ്ടാവില്ലെന്നാണ് സിപിഐഎമ്മിന്റെ കണക്കുകൂട്ടല്‍.

ഇന്ന് നടക്കുന്ന അവലോകന യോഗത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സാധ്യതയുണ്ട്. ഞായറാഴ്ചകളിലെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം പിന്‍വലിച്ചേക്കും. കാറ്റഗറി തിരിച്ചുള്ള ജില്ലാ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. ക്യാറ്റഗറിയിലെ ജില്ലകള്‍ പുനക്രമീകരിക്കും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ജില്ലകളിലെ തിയേറ്ററുകള്‍ തുറക്കണമോ എന്ന കാര്യത്തിലും തീരുമാനം ഉണ്ടാവും.

അതേസമയം, ആരാധനാലയങ്ങളില്‍ ഞായറാഴ്ചകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാമെന്ന നിയന്ത്രണത്തിലും മാറ്റം വരാനാണ് സാധ്യത. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ അധ്യയന സമയം വൈകുന്നേരം വരെയാക്കണമോ എന്നതും ഇന്നറിയാം.