തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സ്വപ്ന സുരേഷിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. സ്വപ്നയുടെ ശബ്ദരേഖ തിരക്കഥ പ്രകാരമാണെന്ന വെളിപ്പെടുത്തലിലാണ് ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇ.ഡി സ്വപ്നയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ശിവശങ്കറിന്റെ പുസ്തകം പുറത്തു വന്നതിന് ശേഷമാണ് സ്വപ്ന സുരേഷ് പുതിയ ആരോപണവുമായി രംഗത്ത് വന്നത്.
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്ന സ്വപ്ന സുരേഷിന്റെ ശബ്ദ രേഖ നേരത്തെ വിവാദമായിരുന്നു. ഇതിന്റെ പിന്നില്‍ എം. ശിവശങ്കറാണെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. ശിവശങ്കറിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനു വേണ്ടിയാണ് ഇ.ഡി വിളിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്ന കാര്യവും ഇ.ഡി പരിശോധിക്കുന്നുണ്ട്.
നാളെ കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകാനാണ് സ്വപ്നയോട് നിര്‍ദേശിച്ചിരിക്കുന്നത്.

