തൃശൂര്‍: തൃശൂര്‍ അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്താല്‍ മരിച്ച അഞ്ച് വയസുകാരിയുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍.
പുത്തന്‍ചിറ സ്വദേശി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്‌നിമിയയാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. അച്ഛനും മുത്തച്ഛനും ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് കണ്ണംകുഴിയിലെ അമ്മയുടെ വീട്ടിലെത്തിയതായിരുന്നു ആഗ്‌നിമിയ. വീടിന് സമീപത്ത് നിന്നും അല്‍പം മാറിയാണ് ഒറ്റയാനെ കണ്ടത്. ബൈക്കില്‍ വരികയായിരുന്ന നിഖിലും ഭാര്യ പിതാവ് ജയനും, ആഗ്‌നിമിയയും ആനയ കണ്ടതോടെ ബൈക്ക് നിര്‍ത്തി. ആന ഇവര്‍ക്ക് നേരെ തിരിഞ്ഞതോടെ മൂന്ന് പേരും ചിതറി ഓടുകയായിരുന്നു. ഇതിനിടെ ആന കുട്ടിയുടെ തലയില്‍ ചവിട്ടുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ അച്ഛനും മുത്തച്ഛനും പരിക്കേറ്റു. മൂന്ന് പേരെയും നാട്ടുകാര്‍ ചേര്‍ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. മറ്റ് രണ്ട് പേരും അപകടനില തരണം ചെയ്തു.
ജില്ലാ കളക്ടറോട് സ്ഥലം സന്ദര്‍ശിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രിയില്‍ ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.

