കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജവാന്റെ ഭാര്യക്ക് തൃശൂര്‍ താലൂക്ക് ഓഫീസില്‍ ജോലി

തൃശൂര്‍: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി തൃശൂര്‍ താലൂക്ക് ഓഫീസില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. ശ്രീലക്ഷ്മിക്ക് നിയമനം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സൈനികക്ഷേമ വകുപ്പും ഉത്തരവിട്ടിരുന്നു. ജില്ലാ കലക്ടറുടെ നിയമന ഉത്തരവ് ലഭിക്കുന്ന മുറക്ക് ശ്രീലക്ഷ്മിക്ക് ജോലിയില്‍ പ്രവേശിക്കാമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്.

എംകോം ബിരുദധാരിയാണ് ശ്രീലക്ഷ്മി. അപകടം നടന്ന് ഒരാഴ്ചയ്ക്കകം തന്നെ ശ്രീലക്ഷ്മിക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. സാധാരണ നിലയില്‍ യുദ്ധത്തിലോ യുദ്ധസമാനമായ സാഹചര്യത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിനാണ് നിയമത്തില്‍ വ്യവസ്ഥയുള്ളത്. എന്നാല്‍, പ്രദീപിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കി ഭാര്യയ്ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.