ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ കാശ്മീർ ഐക്യദാർഢ്യ ദിനം’ അനുസ്മരിച്ചുകൊണ്ടുള്ള ട്വീറ്റാണ് വിവാദത്തിന് ഇടയാക്കിയത്. ‘നമ്മുടെ കാശ്മീരി സഹോദരങ്ങളുടെ ത്യാഗത്തെ നമുക്ക് സ്മരിക്കാം, അവർ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്പോൾ പിന്തുണയുമായി നിൽക്കാം’ – എന്നായിരുന്നു ഹ്യുണ്ടായ് പാകിസ്താന്റെ പോസ്റ്റ്. പാകിസ്താനിലെ ഹ്യുണ്ടായിയുടെ ഏക ഡീലറായ നിഷാത് മോട്ടോഴ്‌സിന്റെ ട്വിറ്റർ ഹാന്റിലിലായിരുന്നു ട്വീറ്റ്. മുള്ളുവേലികൊണ്ട് ബന്ധിപ്പിക്കപ്പെട്ട കശ്മീർ എന്ന വാക്കും ദാൽ തടാകത്തിലെ വള്ളവുമായിരുന്നു ട്വീറ്റിനൊപ്പമുണ്ടായിരുന്ന ചിത്രത്തിലേത്. ഹ്യുണ്ടായിപാകിസ്ഥാൻ ഒഫീഷ്യൽ (@PakistanHyundai) എന്ന ട്വിറ്റർ ഹാന്റിലിലായിരുന്നു ട്വീറ്റ്. ഹ്യുണ്ടായി പാക്കിസ്ഥാന്റെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് പേജുകളിലും ഇതേ പോസ്റ്റ് പങ്കുവെച്ചിരുന്നു.
കശ്മീർ വിഘടന വാദികൾക്ക് പിന്തുണ നൽകിയ പോസ്റ്റിന് പിന്നാലെ കമ്പനിക്കെതിരെ ഇന്ത്യയിൽ വ്യാപക വിമർശനമാണ് ഉയർന്നത്. ഹ്യുണ്ടായ് ബഹിഷ്‌കരിക്കുക എന്നാവശ്യപ്പെട്ട് സാമൂഹ്യ മാദ്ധ്യമങ്ങളിലുൾപ്പെടെ പ്രതിഷേധം ശക്തമായിരുന്നു. സംഭവത്തിൽ ഹ്യുണ്ടായി മാപ്പ് പറയണമെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കെതിരെ ഉയരുന്ന വിഘടനവാദ ചിന്തകളോടുള്ള ഹ്യുണ്ടായിയുടെ നയം വ്യക്തമാക്കണമെന്ന് ബി ജെ പി നേതാവ് വിജയ് ചൗതായ്വാലെ അറിയിച്ചു
സംഭവത്തിന് പിന്നാലെ ഹ്യുണ്ടായി ഇന്ത്യയിൽ ഒരു വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ രാജ്യമാണെന്ന് വ്യക്തമാക്കി ഹ്യുണ്ടായി ട്വീറ്റ് ചെയ്തെങ്കിലും ഭൂരിഭാഗം പേർക്കും വിശദീകരണം തൃപ്തികരമായില്ല. വിവാദം കമ്പനിയുടെ സെയിൽസിനെയും ബാധിച്ചിരിക്കുകയാണ്. ഹ്യുണ്ടായിയുടെ ബുക്കിങ് ക്യാൻസലാക്കിയതായി ഉപഭോക്താക്കൾ ട്വീറ്റ് ചെയ്യുന്നുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ രണ്ടാം സ്ഥാനത്താണ് ദക്ഷിണകൊറിയൻ വാഹനനിർമാതാക്കളായ ഹ്യൂണ്ടായി. 2019 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ വാഹനവിപണിയുടെ 16.2 ശതമാനം ഷെയറുകളും ഹ്യുണ്ടായിക്ക് സ്വന്തമായിരുന്നു. 5.5 ബില്ല്യൺ അമേരിക്കൻ ഡോളറായിരുന്നു ഇന്ത്യയിൽ ഹ്യുണ്ടായിയുടെ ടേൺ ഓവർ. 2028 നുള്ളിൽ ഏകദേശം 4000 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിൽ നടത്താനാണ് ഹ്യുണ്ടായിയുടെ തീരുമാനം. ഇന്ത്യൻ വിപണിയെ ലക്ഷ്യമിട്ട് പുതിയ ആറ് ഇലക്ട്രി്ക് വാഹനങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ടാണ് നാലായിരം കോടി രൂപയുടെ നിക്ഷേപത്തിന് ഹ്യുണ്ടായി തയ്യാറെടുക്കുന്നത്.
ഹ്യുണ്ടായിയുടെ ഇന്ത്യയിലെ വിപണി സാദ്ധ്യതകളുടെ മുന്നിൽ പാകിസ്താൻ താത്പര്യങ്ങൾ ഒന്നുമല്ല എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. പതിനായിരത്തിൽ താഴെ വാഹനങ്ങൾ മാത്രമാണ് പാകിസ്താനിൽ ഹ്യുണ്ടായിയുടേതായി ഇറങ്ങുന്നത്. ഹ്യുണ്ടായിയുടെ വാഹനങ്ങൾ പാകിസ്താനിൽ നിർമിക്കുകയും ചെയ്യുന്നില്ല. വിദേശത്ത് നിർമിച്ച പാർട്‌സുകൾ അസംബിൾ ചെയ്ത് ഹ്യുണ്ടായി വാഹനങ്ങളായി വിൽക്കുകയാണ് പാകിസ്താനിൽ ചെയ്യുന്നത്. എന്നാൽ ഇന്ത്യയിൽ അഞ്ച് ലക്ഷത്തിന് മുകളിൽ ഹ്യുണ്ടായി വാഹനങ്ങളാണ് ഓരോ വർഷവും നിരത്തിലിറങ്ങുന്നത്.
.

