രൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു

ബോളിവുഡിൽ ഒട്ടേറെ ആരാധകരുള്ള താരജോഡികളായ രൺബീർ കപൂറും ആലിയ ഭട്ടും ഉടൻ വിവാഹിതരാകും. ഏപ്രിൽ മാസം ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ ഇരു വീട്ടുകാരും ആരംഭിച്ചതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജസ്ഥാനിലെ രൻധംബോറിൽ വച്ചായിരിക്കും വിവാഹം. ആലിയയുടേയും രൺബീറിന്റേയും ഇഷ്ട സ്ഥലമാണിത്. ഇരുവരും അവധി ആഘോഷിക്കാൻ എത്തുന്ന പ്രധാന ഡെസ്റ്റിനേഷനും ഇത് തന്നെയാണ്.

ആഡംബരം കുറച്ച് ചെറിയ രീതിയിൽ വിവാഹം നടത്താനാണ് ഇരുവരും പദ്ധതിയിട്ടിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമായിരിക്കും ക്ഷണമുണ്ടാകുക. രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാസ്ത്രയുടെ റിലീസാണ് വിവാഹം വൈകിക്കുന്നതിന് കാരണമെന്നാണ് വിവരം. വിവാഹത്തിന് മുൻപായി സിനിമ റിലീസ് ചെയ്യണമെന്നാണ് ഇവരുടെ ആഗ്രഹം. അമിതാഭ് ബച്ചൻ, നാഗചൈതന്യ, ഡിംബിൾ കപാഡിയ, മൗനി റോയ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.