തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതിയിൽ ഒപ്പിട്ട ഗവർണറുടെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണർ ഓർഡിനൻസിൽ ഒപ്പുവച്ചതോടെ കേരളത്തിൽ അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതായെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇനി പേടിക്കേണ്ടതില്ല. ലോകായുക്ത കുരയ്ക്കുക മാത്രമേ ഉള്ളൂവെന്നും കടിക്കില്ലെന്ന് ഉറപ്പു വരുത്തിയെന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ളത് സൗന്ദര്യപിണക്കമാണ്. അത് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരുണ്ടെന്നും കോൺഗ്രസ് നേരത്തെ പറഞ്ഞതാണ്. അതിപ്പോൾ അക്ഷരംപ്രതി ശരിയായി. ഗവർണറും മുഖ്യമന്ത്രിയും കൂടി നിയമസഭയെ അവഹേളിച്ചു. ഗവർണറും മുഖ്യമന്ത്രിയുമായുള്ള സൗന്ദര്യപ്പിണക്കം ഇടനിലക്കാർ വഴി തീർത്തു. മുഖ്യമന്ത്രി ഇനി ചരിത്രത്തിൽ അറിയപ്പെടുന്നത് അഴിമതിക്ക് വെള്ളവും വളവും കൊടുത്ത മുഖ്യമന്ത്രി എന്ന നിലയിലായിരിക്കും. യൂണിവേഴ്‌സിറ്റിക്കെതിരെ ഗവർണർ പറഞ്ഞതെല്ലാം ഇല്ലാതായി. ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിലേക്ക് സംസ്ഥാനത്തെ ഒരു ബി ജെ പി നേതാവിന്റെ നിയമന ശുപാർശ അടങ്ങിയ ഫയൽ മുഖ്യമന്ത്രിയുടെ മേശപ്പുറത്തുണ്ടെന്ന മാദ്ധ്യമവാർത്തകൾ കണ്ടു. അത് ശരിയാണെങ്കിൽ ഇപ്പോൾ നടന്നത് ഒരു കൊടുക്കൽ വാങ്ങൽ ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

