ലോകായുക്ത ഭേദഗതിയെ ഇപ്പോഴും എതിർക്കുന്നു; നിലപാട് വ്യക്തമാക്കി സിപിഐ

തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയിലുള്ള എതിർപ്പ് അറിയിച്ച് സിപിഐ. ലോകായുക്ത ഭേദഗതിയെ ഇപ്പോഴും എതിർക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. ഓർഡിനൻസിന് എന്ത് അടിയന്തര സാഹചര്യമാണുള്ളത് എന്ന് സിപിഐ ചോദിക്കുന്നു. അഭിപ്രായ സമന്വയം ഉണ്ടാക്കി മാത്രമേ എൽഡിഎഫിന് മുന്നോട്ട് കൊണ്ടു പോകാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ സിപിഎമ്മുമായി ചർച്ച നടന്നിട്ടില്ല. മുന്നണിക്കുള്ളിൽ ചർച്ച ചെയ്ത് ആശയസമന്വയം ഉണ്ടാകണം. വണ്ടിക്ക് പിറകിൽ കുതിരയെ കെട്ടിയിട്ട് എന്ത് കാര്യമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. സിപിഎമ്മുമായി ചർച്ച നടത്തുമോ എന്ന ചോദ്യത്തിനാണ് കാനം ഇത്തരത്തിൽ മറുപടി നൽകിയത്. ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടത് അദ്ദേഹത്തിന് ബോധ്യമുള്ളതു കൊണ്ടാണ്. ലോകായുക്ത ബിൽ എത്തുമ്പോൾ വിയോജിപ്പുള്ളവർക്ക് അറിയിക്കാൻ അവസരമുണ്ട്. ക്യാബിനറ്റിൽ എന്ത് നടന്നു എന്ന് താൻ പറയില്ല, ക്യാബിനെറ്റിൽ താൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ആത്മകഥയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ശിവശങ്കർ പുസ്തകം എഴുതിയത് മാർക്കറ്റിംഗ് തന്ത്രമാണ്. സിപിഐക്ക് സ്വർണക്കടത്തും അത് രക്ഷിക്കാനുള്ള ശ്രമവും ഇല്ല. ഏത് തരത്തിൽ പുനരന്വേഷണം വേണമെങ്കിലും നടക്കട്ടെയെന്നും അതിൽ സിപിഐ അഭിപ്രായം പറയുന്നില്ലെന്നും കാനം കൂട്ടിച്ചേർത്തു.