കോവിഡ് പ്രതിരോധം; ഒരു വാക്‌സിന് കൂടി അനുമതി നൽകി രാജ്യം

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ നിർണായക ചുവടുവെയ്പ്പുമായി രാജ്യം. ഇന്ത്യയിൽ അടിയന്തര ആവശ്യങ്ങൾക്കായി ഒരു വാക്‌സിന് കൂടി അനുമതി നൽകി. സ്പുട്‌നിക് ലൈറ്റ് സിംഗിൾ ഡോസ് വാക്‌സിനാണ് അനുമതി നൽകിയത്. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് വാക്‌സിൻ അനുമതി നൽകിയിരിക്കുന്നത്. രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ഒൻപതാമത്തെ വാക്‌സിനാണിത്. കോവിഡ് മഹാമാരിക്കെതിരെയുള്ള രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

റഷ്യൻ ‘സ്പുട്‌നിക് വി’യുടെ വാക്‌സിൻ ഘടകം-1 തന്നെയാണ് സ്പുട്നിക് ലൈറ്റിലും ഉള്ളത്. റഷ്യയിലെ ഗമാലിയ സെന്ററിൽ വികസിപ്പിച്ച വാക്‌സിൻ ഹെറ്ററോ ബയോഫാർമ ലിമിറ്റഡാണ് ഇന്ത്യയിൽ വിതരണം ചെയ്യുന്നത്.

ഇന്ത്യയിൽ നിർമിക്കുന്ന സ്പുട്‌നിക് ലൈറ്റിന്റെ കയറ്റുമതിക്ക് കഴിഞ്ഞ വർഷം ഒക്ടോബർ മാസം കേന്ദ്ര സർക്കാർ അനുവാദം നൽകിയിരുന്നു. കോവിഡ് വൈറസിന്റെ ജനിതക വകഭേദമായ ഡെൽറ്റയ്ക്കെതിരെ വാക്‌സിന് 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.

12 ലക്ഷത്തിലധികം സ്പുട്നിക് വാക്‌സിനുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്.