ലതാ മങ്കേഷ്കർ എന്ന ഇതിഹാസ ഗായിക വിടവാങ്ങുമ്പോൾ ഇന്ത്യയ്ക്ക് നഷ്ടമായത് ഒരു സംഗീത യുഗം തന്നെയാണ്. നിരവധി കയ്പേറിയ അനുഭവങ്ങൾ താണ്ടിയാണ് ലതാ മങ്കേഷ്ക്കർ ജീവിതത്തിൽ ഇന്നു കാണുന്ന നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്. സാമ്പത്തിക പ്രയാസങ്ങളും നഷ്ട പ്രണയവും വിരഹവുമെല്ലാം ലതാമങ്കേഷ്ക്കറിന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്. സംഗീത സംവിധായകനും ഗായകനുമായ ആർ രാമചന്ദ്രനുമായി ലത പ്രണയത്തിലായിരുന്നുവെന്നാണ് ആദ്യം പുറത്തു വന്ന വാർത്ത. ‘ഏയ് മേരേ വദൻ കേ ലോഗോം’ എന്ന ഗാനം ആലപിച്ച സമയത്ത് ലതാമങ്കേഷ്ക്കറിന്റെ ഒപ്പം രാമചന്ദ്രൻ ഉണ്ടായിരുന്നു. ആ പാട്ടിന് സംഗീത സംവിധാനം നിർവ്വഹിച്ചത് രാമചന്ദ്രനായിരുന്നു. ലതയും രാമചന്ദ്രനും പ്രണയത്തിലാണെന്ന വാർത്ത ഒരു കാലത്ത് ഹിന്ദി മാസികകളിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആ സമയത്ത് ലത വിവാഹത്തിന് തയ്യാറായിരുന്നില്ല. രാമചന്ദ്രന്റെ വിവാഹാഭ്യർഥന ലത നിരസിച്ചു. ഇതോടെ ഇരുവരും തമ്മിൽ അകന്നുവെന്നും റിപ്പോർട്ടുകലുണ്ടായിരുന്നു.
കിഷനുമായുള്ള ലതാമങ്കേഷ്ക്കറിന്റെ അടുപ്പമാണ് പിന്നീട് സിനിമാ മാസികളിൽ ചർച്ചയായത്. പക്ഷേ ഇതും അധിക നാൾ മുന്നോട്ടു പോയില്ല. ജയകിഷൻ തന്റെ നല്ല സുഹൃത്താണെന്നാണ് ലത പിന്നീട് വെളിപ്പെടുത്തിയിരുന്നു. ബിസിസിഐ പ്രസിഡന്റ് രാജ് സിംഗ് ദുങ്കർപൂരുമായാണ് പിന്നീട് ലത അടുപ്പത്തിലായത്. ക്രിക്കറ്റിനോടുള്ള ലതാ മങ്കേഷ്കറിന്റെ ഇഷ്ടമാണ് ഇവരെ തമ്മിൽ അടുപ്പിച്ചത്. ഒരു കാലത്ത് ദുങ്കർപൂർ അടക്കി ഭരിച്ചിരുന്ന മഹാരാവൽ ലക്ഷ്മൺ സിംഗ്ജിയുടെ മകനായിരുന്നു രാജ് സിംഗ് ദുങ്കർപൂർ. അതുകൊണ്ട് തന്നെ രാജകുടുംബത്തിൽ നിന്നല്ലാത്ത ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ അദ്ദേഹം മകനെ അനുവദിച്ചില്ല. ഇതോടെ വിവാഹത്തിന്റെ വക്കോളമെത്തിയ ബന്ധം തകർന്നു. എന്നാൽ ഇരുവരും നല്ല സുഹൃത്തുക്കളായി തുടർന്നു.
ഏറ്റവുമൊടുവിൽ ഉയർന്നു കേട്ടത് ലതാമങ്കേഷ്കറിന് സംഗീത സംവിധായകൻ ഭൂപൻ ഹസാരികയോടുള്ള അടുപ്പത്തെ കുറിച്ചാണ്. സംഗീതത്തോടുള്ള ഭ്രാന്തമായ പ്രണയമാണ് ഹസാരികയിലേക്ക് ലതാ മങ്കേഷ്കറിനെ അടുപ്പിച്ചത്. ഇരുവരും തമ്മിൽ പ്രണയ ബന്ധത്തിലായിരുന്നുവെന്ന് ഹസാരികയുടെ ഭാര്യ പ്രിയംവദ പട്ടേൽ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഹോട്ടൽ മുറികളിൽ ഇരുവരും അന്തിയുറങ്ങിയെന്നും, ലത തന്റെ കുടുംബം തകർക്കുകയായിരുന്നുവെന്നുമായിരുന്നു പ്രിയംവദയുടെ ആരോപണം. എന്നാൽ ഇതിനെ വെറുമൊരു അവിഹിതമായി ഒതുക്കരുതെന്നും രണ്ട് സംഗീത ജീനിയസ്സുകൾ തമ്മിലുള്ള അസാധാരണമായ ബന്ധം ആയിരുന്നു അതെന്നുമായിരുന്നു ഇരുവരുടെയും സുഹൃത്തുക്കൾ അറിയിച്ചത്.
ഇനി താൻ വിവാഹം കഴിക്കില്ലെന്ന് ഒരു ഘട്ടത്തിൽ ലതാമങ്കേഷ്കർ തീർത്തു പറഞ്ഞു. കലാകാരികൾ വിവാഹം കഴിക്കാതിരിക്കുന്നത് തന്നെയാണ് നല്ലതെന്നായിരുന്നു ലതയുടെ സഹോദരിയും പ്രശസ്ത ഗായികയുമായ ആശാ ഭോസ്ലേയുടെ പ്രതികരണം.

