നാല് മാസത്തിനുള്ളിൽ സിനിമ ഉണ്ടാകുമെന്ന് ദിലീപ് കള്ളം പറയണം; ബാലചന്ദ്ര കുമാറിന്റെ ഓഡിയോ സന്ദേശം പുറത്ത്‌

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് കോടതിയിൽ ഹാജരാക്കിയ ഓഡിയോ പുറത്ത്. രണ്ട് പേർക്ക് വലിയൊരു തുക കടം വാങ്ങിയത് തിരികെ കൊടുക്കാനുണ്ടെന്നും അവരോട് സിനിമ നാല് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് ദിലീപ് കള്ളം പറയണമെന്നുമാണ് ബാലചന്ദ്രകുമാർ ആവശ്യപ്പെടുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിട്ടുള്ളത്.

താൻ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്നാണ് ശബ്ദരേഖയിൽ ബാലചന്ദ്ര കുമാർ ആവശ്യപ്പെടുന്നത്. വലിയൊരു തുക കടം വാങ്ങിയ രണ്ട് പേരോട് സംസാരിക്കണം. വീട് വെച്ച സമയത്ത് വാങ്ങിയ പണമാണ്. ഒരുപാട് അവധികൾ പറയുകയും പറഞ്ഞ സമയം ഒരുപാട് കഴിയുകയും ചെയ്തുവെന്നും ശ്ബ്ദസന്ദേശത്തിൽ പറയുന്നു. അവർ തന്റെ പേരിൽ കേസ് കൊടുക്കുമെന്ന അവസ്ഥയാണിപ്പോൾ. ദിലീപ് സർ പണം കൊടുക്കുകയോ സിനിമ ചെയ്യുകയോ വേണ്ട. പകരം അവരോട് സിനിമ നാല് മാസത്തിനുള്ളിൽ നടക്കുമെന്ന് കള്ളം പറയണമെന്നും അപ്പോൾ പണം തിരികെ തരാമെന്ന് ഞാൻ അവരോട് പറയാമെന്നും ബാലചന്ദ്രകുമാർ ശബ്ദസന്ദേശത്തിൽ വ്യക്തമാക്കുന്നു.

2021 ഏപ്രിൽ 14നാണ് ബാലചന്ദ്രകുമാർ ദിലീപിന് സന്ദേശം അയച്ചെന്നാണ് ദിലീപിന്റെ വാദം. എന്നാൽ താൻ ഇത് അനുസരിച്ചില്ല. തുടർന്നുണ്ടായ വൈരാഗ്യമാണ് ബാലചന്ദ്ര കുമാർ തനിക്കെതിരെ വധ ഗൂഢാലോചന കേസ് കൊടുക്കാൻ കാരണമായതെന്നും ദിലീപ് ആരോപിക്കുന്നു. ഇക്കാര്യം കോടതിയിലും ദിലീപ് ബോധിപ്പിച്ചിട്ടുണ്ട്.