കേന്ദ്ര ബജറ്റില്‍ കൊവിഡ് 19 ചികിത്സാ ചിലവുകള്‍ക്ക് നിരവധി ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രോഗം ബാധിച്ചാല്‍ ചികിത്സക്ക് നികുതി ഇളവുകള്‍ ഉണ്ടായിരിക്കും. ഒപ്പം തന്നെ കൊവിഡ് മൂലം മരണമടഞ്ഞ ഒരാളുടെ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുന്ന പണത്തിനും നികുതി ഒഴിവാക്കും. 2021 ജൂണില്‍ ധനമന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇതിന് മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കും. കൊവിഡ് കാരണം മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് ലഭിക്കുന്ന 10 ലക്ഷം രൂപ വരെയുള്ള ധനസഹായത്തിനാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തുക ലഭിക്കുന്ന വ്യക്തിയുടെ വരുമാനമായി ഇത് കണക്കാക്കില്ല. അതേസമയം 10 ലക്ഷം രൂപക്ക് മുകളില്‍ ലഭിച്ചാല്‍ ഇത് വരുമാനമായി കണക്കാക്കുകയും നികുതി ഈടാക്കുകയും ചെയ്യും. മരണമടഞ്ഞ വ്യക്തിയുടെ തൊഴില്‍ ഉടമയില്‍ നിന്നാണ് തുക ലഭിക്കുന്നതെങ്കില്‍ പരിധിയില്ല. വ്യക്തി മരണമടഞ്ഞ് 12 മാസത്തിനുള്ളില്‍ ലഭിക്കുന്ന തുകയ്ക്കാണ് ഇളവുകള്‍ ലഭിക്കുക.
കഴിഞ്ഞ രണ്ട് വര്‍ഷ കാലയളവില്‍ കൊവിഡ് ചികിത്സക്ക് തൊഴിലുടമ നല്‍കിയ സാമ്പത്തിക സഹായത്തിന് നികുതിയില്ല. മറ്റേതെങ്കിലും വ്യക്തിയില്‍ നിന്നും ചികിത്സക്കായി പണം സ്വീകരിച്ചിട്ടുണ്ടെങ്കിലും നികുതി ഇളവുകള്‍ ലഭിക്കും. 2019-20 സാമ്പത്തിക വര്‍ഷം മുതല്‍ കൊവിഡ് ചികിത്സാച്ചെലവുകള്‍ക്ക് തൊഴില്‍ ഉടമ നല്‍കുന്ന വിഹിതത്തിന് ഇളവ് ലഭിക്കും. 50,000 രൂപക്ക് മുകളിലുള്ള തുകക്കാണ് ഇളവുകള്‍. ഇത് ജീവനക്കാരന്റെ വേതനമായി കണക്കാക്കും.
കൊവിഡ് ഇന്‍ഷുറന്‍സിനും ഇളവുകള്‍ ലഭിക്കും. ഒരു വ്യക്തിക്കോ, കുടുംബത്തിനോ കൊവിഡ് ചികിത്സക്കായി ലഭിക്കുന്ന തുകയും വരുമാനമായി കണക്കാക്കാത്തതിനാല്‍ നികുതി ഇളവുകള്‍ ലഭ്യമാകും. കൊവിഡുമായി ബന്ധപ്പെട്ട ഏതെങ്കിലും രോഗങ്ങള്‍ക്കായി കുടുംബത്തിലെ ഏതെങ്കിലും അംഗങ്ങളുടെ ചികിത്സയ്ക്കു വേണ്ടി ജീവനക്കാരന്‍ ചെലവാക്കിയ തുകയ്ക്ക് തൊഴിലുടമ നല്‍കുന്ന വിഹിതത്തിനും നികുതി ഇളവ് ലഭിക്കും. മരണമടഞ്ഞ ഒരു ജീവനക്കാരിയുടെ കുടുംബത്തിന് അവരുടെ മരണ ശേഷം തൊഴിലുടമയില്‍ നിന്ന് എക്‌സ്-ഗ്രേഷ്യ ലഭിക്കുകയാണെങ്കില്‍ ഇതിനും നികുതി പരിധി ബാധകമല്ല. മുഴുവന്‍ തുകയും നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടും. എന്നാല്‍, ഈ തുക മറ്റാരെങ്കിലും ആണ് നല്‍കുന്നതെങ്കില്‍ നികുതി ഇളവ് 10 ലക്ഷം രൂപയായി പരിമിതപ്പെടുത്തും. ഒന്നിലധികം വ്യക്തികളില്‍ നിന്ന് കുടുംബത്തിന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെങ്കില്‍, 10 ലക്ഷം രൂപ വരെയുള്ള മൊത്തം തുക നികുതി രഹിതമായിരിക്കും.

