ന്യൂഡൽഹി: അച്ഛനും അമ്മയും താമസിച്ചിരുന്ന ഡൽഹിയിലെ ഗുൽമോഹർ പാർക്കിന് സമീപമുള്ള വീട് വിറ്റ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. സോപാൻ എന്ന വീട് 23 കോടി രൂപയ്ക്ക് വിറ്റതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നെസോൺ ഗ്രൂപ്പ് കമ്പനീസ് സിഇഒ അവ്നി ബദറാണ് വസ്തു വാങ്ങിയത്. സോപാനിന് സമീപത്താണ് അവ്നി താമസിക്കുന്നത്. ബച്ചൻ കുടുംബവുമായി അവ്‌നിക്ക് 35 വർഷത്തെ ബന്ധമാണുള്ളത്.
2021 ഡിസംബർ 7നാണ് 418.05 ചതുരശ്ര മീറ്റർ ചുറ്റളവിലുള്ള വസ്തുവിന്റെ കച്ചവടം പൂർത്തിയാക്കിയത്. വളരെ പഴക്കമേറിയതിനാൽ കെട്ടിടം പൊളിച്ച് അവിടെ മറ്റൊരു കെട്ടിടം പണിയാനാണ് അവ്‌നി പദ്ധതിയിടുന്നതെന്നാണ് വിവരം. ബച്ചൻ കുടുംബത്തിന്റെ ആദ്യവസതിയായിരുന്നു സോപാനം.
അമിതാഭ് ബച്ചന്റെ അച്ഛൻ ഹരിവംശ്റായ് ബച്ചനും അമ്മ തേജി ബച്ചനുമാണ് ഇവിടെ താമസിച്ചിരുന്നത്. മാതാപിതാക്കൾക്കൊപ്പം അമിതാഭ് ബച്ചനും ഏറെനാൾ ഇവിടെ താമസിച്ചിരുന്നു. പിന്നീട് താരം മുംബൈയിലേക്ക് താമസം മാറ്റി. ഉടൻ തന്നെ മാതാപിതാക്കളെയും മുബൈയിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് ഇവിടെ ആൾത്താമസമില്ലായിരുന്നു. ജുഹുവിലുള്ള ജൽസ എന്ന വസതിയിലാണ് നിലവിൽ അമിതാഭ് ബച്ചൻ താമസിക്കുന്നത്.

