തിരുവനന്തപുരം: മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌നാ സുരേഷ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തൽ. എന്നാൽ കെ ടി ജലീലുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്നും സ്വപ്‌ന പറഞ്ഞു.
പലതവണ പി.ശ്രീരാമകൃഷ്ണൻ തന്റെ വീട്ടിൽ സന്ദർശനം നടത്തിയിട്ടുണ്ട്. വീട്ടിൽ നിന്ന് ആഹാരം കഴിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് ഉറപ്പായിട്ടും അറിയാം ഞാൻ ഡിപ്ലോമാറ്റ് അല്ല എന്നത്. എന്നാൽ എന്തിനാണ് അദ്ദേഹം കള്ളം പറയുന്നതെന്ന് തനിക്ക് അറിയില്ല. താൻ ഇപ്പോൾ സംസാരിക്കുന്നത് ശിവശങ്കറിനെ കുറിച്ച് മാത്രമാണ്. മറ്റുള്ളവരൊന്നും അത്ര അടുത്തവരല്ല. തന്റെ ഒരു ആവശ്യത്തിന് വേണ്ടി മന്ത്രിയേയോ എംഎൽഎയെയോ ഒരു അധികാരികളേയും വിളിച്ചിട്ടുമില്ലെന്നും സ്വപ്‌ന വ്യക്തമാക്കി.
സരിത്തിനെയാണ് കസ്റ്റംസ് ആദ്യം അറസ്റ്റ് ചെയ്തത്. ജൂലായ് അഞ്ചിനായിരുന്നു സരിത്തിന്റെ അറസ്റ്റ്. അന്ന് ഉച്ചയ്ക്ക് ശേഷം ഒരാളുമായും താൻ ബന്ധപ്പെട്ടിട്ടില്ല. അവസാനമായി താൻ സംസാരിച്ചത് ശിവശങ്കറിനോടാണെന്നും സ്വപ്‌ന വെളിപ്പെടുത്തി. സരിത്തിനെ അറസ്റ്റ് ചെയ്തതിന് ശേഷം അവന്റെ വീട്ടിലേക്ക് താൻ പോയിരുന്നു. അവന്റെ വീട്ടിലെ സ്ഥിതിഗതികൾ മോശമായിരുന്നു. മാതാപിതാക്കൾ സുഖമില്ലാത്തവരാണ്. ഈ സമയം കസ്റ്റംസ് തന്നോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. താൻ കസ്റ്റംസിന് മുന്നിൽ ഹാജരാകാൻ തയ്യാറായിരുന്നെങ്കിലും ശിവശങ്കർ വിളിച്ച് പോകരുതെന്ന് ആവശ്യപ്പെട്ടു.
ആദ്യം മുൻകൂർ ജാമ്യം എടുക്കണമെന്നും കസ്റ്റംസ് സമൻസ് അയക്കാതെ പോകേണ്ടകാര്യമില്ലെന്നും ശിവശങ്കർ പറഞ്ഞു. പോകുന്ന വഴി തന്റെ ഫോൺ സന്ദീപ് എടുത്തുവെന്നും പിന്നീട് സന്ദീപും ശിവശങ്കറും തന്റെ ഭർത്താവായിരുന്ന ജയശങ്കറും നൽകുന്ന നിർദേശമനുസരിച്ചാണ് ബംഗളൂരുവരെ എത്തിയതെന്നും സ്വപ്‌ന വ്യക്തമാക്കി. തന്റെ എല്ലാ ദിവസവും പത്ത് ഗുളികകളിലാണ് തുടങ്ങുന്നതും പത്ത് ഗുളികകളിലാണ് അവസാനിക്കുന്നതും. ജയിലിൽ വെച്ച് ഹൃദയസ്തംഭനമുണ്ടാകുകയും ചെയ്തു. ശിവശങ്കർ ബലിയാടായി എന്ന് എങ്ങനെയാണ് പറയുക. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അധികാരം തിരിച്ചുകിട്ടി. സസ്പെൻഷനിലായപ്പോൾ കുറച്ച് വിശ്രമം കിട്ടി. അപ്പോൾ അദ്ദേഹം ഒരു പുസ്തകം എഴുതി. തുറന്നുപറയാൻ ആഗ്രഹിക്കുന്ന വ്യക്തി എല്ലാം തുറന്നു പറയണമെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു.

