രോഗവ്യാപനം വർധിക്കാൻ കാരണം കോവിഡ് മരണങ്ങൾ മറച്ചുവെയ്ക്കുന്നത്; വിമർശനവുമായി കേന്ദ്രം

ന്യൂഡൽഹി: കേരളത്തിനെതിരെ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലെ കോവിഡ് മരണങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതാണ് രോഗവ്യാപനം വർധിക്കാൻ കാരണമെന്ന് കേന്ദ്രം അറിയിച്ചു.

മരണവും പ്രതിദിനരോഗബാധിതരുടെ എണ്ണവും കൃത്യമായി അതാതുദിവസം റിപ്പോർട്ട് ചെയ്താൽ മാത്രമെ രോഗബാധിത മേഖല തിരിച്ച് വ്യാപനം തടയാനാകൂവെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വ്യക്തമാക്കി. എന്നാൽ കേരളത്തിൽ അതു നടക്കുന്നില്ല. ഒക്ടോബർ മുതൽ ഫെബ്രുവരി രണ്ടുവരെ 24,730 മുൻകാല മരണങ്ങൾ പട്ടികയിൽ ചേർത്തു. ഫെബ്രുവരി രണ്ടിന് 1000 മരണങ്ങളാണ് മുൻകാലമരണമെന്ന നിലയിൽ റിപ്പോർട്ടു ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാലാഴ്ചയായി 13.3 ശതമാനത്തിൽനിന്ന് 47.0 ശതമാനത്തിലേക്കാണ് കേരളത്തിൽ രോഗ സ്ഥിരീകരണനിരക്ക് ഉയർന്നത്.

ഈ പ്രവണത പാടില്ലെന്ന് കേന്ദ്രസംഘം പലതവണ സംസ്ഥാനത്തിന് നിർദ്ദേശം നൽകിയെങ്കിലും കേരളം ഇത് വീണ്ടും ആവർത്തിക്കുകയാണ്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുമ്പോഴും കേരളത്തിൽ രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യുന്നതിൽ 24.68 ശതമാനം കോവിഡ് കേസുകളും കേരളത്തിൽ നിന്നുള്ളതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കേരളം മുൻനിരയിലാണ്.